നാഗരാജ് കേസിലെ വിധി പുനപ്പരിശോധിക്കില്ല

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ ജോലികളില്‍ സ്ഥാനക്കയറ്റത്തിനും നിയമപ്രകാരമുള്ള സംവരണം പാലിക്കണമെന്നുമുള്ള വിധി പുനപ്പരിശോധിക്കില്ലെന്നു സുപ്രിംകോടതി. 2006ലെ നാഗരാജ് കേസിലെ വിധി ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് തള്ളി.
ഉദ്യോഗക്കയറ്റ സംവരണ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ എസ്‌സി, എസ്ടിയുടെ പ്രാതിനിധ്യത്തിന്റെ കണക്ക് എടുക്കേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ കുര്യന്‍ ജോസഫ്, റോഹിങ്ടണ്‍ നരിമാന്‍, സഞ്ജയ് കിഷന്‍ കൗള്‍, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
വിലയിരുത്താന്‍ സാധിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവണം പിന്നാക്ക ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനു സംവരണമേര്‍പ്പെടുത്താനെന്നായിരുന്നു നാഗരാജ് കേസില്‍ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നത്. ഇത് പുനപ്പരിശോധിക്കേണ്ടതുണ്ടോ എന്ന വിഷയം മാത്രമാണ് അഞ്ചംഗ ബെഞ്ച് പരിശോധിച്ചത്. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാനാണ് വിധിയെഴുതിയത്. ഈ വിധിയോട് ബെഞ്ചിലുള്ള മറ്റ് നാലു പേരും യോജിച്ചു.
സ്ഥാനക്കയറ്റത്തില്‍ സംവരണം നടപ്പാക്കണമെങ്കില്‍ നിലവിലെ പ്രാതിനിധ്യത്തിന്റെ കണക്കെടുക്കണം, പിന്നാക്കാവസ്ഥ വിലയിരുത്തണം, ഭരണഘടനയുടെ 335ാം വകുപ്പും കണക്കിലെടുക്കണമെന്നും നാഗരാജ് കേസില്‍ വിധിച്ചിരുന്നു.
ഭരണപരമായ കാര്യക്ഷമതയുമായി ഒത്തുപോവും വിധമാവണം പട്ടിക വിഭാഗങ്ങളുടെ ആവശ്യങ്ങള്‍. തൊഴില്‍ നിയമനങ്ങള്‍ കേന്ദ്രവും സംസ്ഥാനങ്ങളും പരിഗണിക്കാനെന്നാണ് 335ാം വകുപ്പ്. സ്ഥാനക്കയറ്റത്തിലെ എസ്‌സി, എസ്ടി സംവരണം അഞ്ചുവര്‍ഷം കൂടി തുടരാമെന്ന് 1992 നവംബര്‍ 16ന് ഇന്ദിരാ സാഹ്‌നി കേസില്‍ സുപ്രിംകോടതി വിധിച്ചിരുന്നു. ഇത് 164എ വകുപ്പായി 1995ല്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. കോടതി നിര്‍ദേശിച്ച അഞ്ചു വര്‍ഷ കാലാവധി അവസാനിക്കുന്നതു കണക്കിലെടുത്ത്, സംവരണം സമയപരിധിയില്ലാതെ നീട്ടി കേന്ദ്ര പേഴ്‌സനല്‍ വകുപ്പ് 1997 ആഗസ്ത് 13ന് ഉത്തരവിറക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ഉത്തരവും അതിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ സ്ഥാനക്കയറ്റങ്ങളും കഴിഞ്ഞ ആഗസ്ത് 23ന് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതും കേന്ദ്രം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു.

RELATED STORIES

Share it
Top