നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കാതെയുള്ള നിര്‍മാണത്തിനെതിരേ പ്രതിഷേധം

തേഞ്ഞിപ്പലം: ചേലേമ്പ്ര ഗ്രാമപ്പഞ്ചായത്ത് മിനിസ്റ്റേഡിയം നവീകരണപ്രവൃത്തി നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കാതെ നടത്തുന്നതിനെതിരെയെ നാട്ടുകാര്‍. ഒരുപാട് നിയമ നടപടികള്‍ക്ക് ശേഷമാണ് പതിനെട്ട് സെന്റ് ഭൂമി കൂടി അക്വയര്‍ ചെയ്ത് സ്റ്റേഡിയം വികസിപ്പിക്കണമെന്നും കിഴക്കുഭാഗത്ത് കൂടി പോകുന്ന റോഡ് പൊതു റോഡാക്കി നിലനിര്‍ത്തണമെന്നുമുള്ള ആവശ്യം അംഗീകരിച്ചത്.
അറുപത്‌സെന്റ് ഭൂമി നേരത്തെ സ്റ്റേഡിയത്തിന് വിലക്ക് വാങ്ങിയിരുന്നു. എന്നാല്‍ സര്‍വേ പ്രകാരം 54 സെന്റ്ഭൂമിയേ കണ്ടെത്തിയിട്ടുള്ളൂ. ബാക്കി ഭൂമി സ്റ്റേഡിയത്തിന്റെ കിഴക്കു പടിഞ്ഞാറ് ഭാഗത്തായി കണ്ടെത്തിയിട്ടുണ്ട്.
എംഎല്‍എ ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനം നടക്കുകയാണ്.  എന്നാല്‍ നഷ്ടപ്പെട്ട ഭൂമി വീണ്ടെടുക്കുമെന്ന അധികൃതരുടെ ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇവിടെ ഗ്യാലറിയടക്കം പണിയുമ്പോള്‍ സ്റ്റേഡിയത്തിനകത്ത് സെവന്‍സ്ഫുട്‌ബോള്‍ പോലും കളിക്കാനാകാത്ത അവസ്ഥയുണ്ടാകും. കൂടാതെ ഗ്രൗണ്ട് മണ്ണിട്ട് ഉയര്‍ത്തണമെന്ന ആവശ്യവും നടപ്പിലാക്കിയിട്ടില്ല.
പലഘട്ടങ്ങളിലായി ഈ കാര്യങ്ങളൊക്കെ അധികൃതരുടെ മുന്നില്‍ ഉന്നയിച്ചതാണ്. എന്നാല്‍ ഇതെല്ലാം അവഗണിച്ചു കൊണ്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
മാനദണ്ഡങ്ങള്‍ പാലിക്കാതെയും സ്റ്റേഡിയം സംരക്ഷണ സമിതിയുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചുകൊണ്ടും നടത്തുന്ന പ്രവൃത്തിക്കെതിരേ ഓംബുഡ്‌സ്മാനെ സമീപിക്കാനൊരുങ്ങുകയാണെന്ന് സംരക്ഷണസമിതി ഭാരവാഹി ടി മുഹമ്മദ്ബാവ അറിയിച്ചു.

RELATED STORIES

Share it
Top