നഷ്ടപരിഹാര കേസില്‍ സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടി

അബ്ദുര്‍റഹ്മാന്‍   ആലൂര്‍

കാസര്‍കോട്: മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ഇന്ത്യ വിമാനം കത്തി 159 യാത്രക്കാര്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാര വിതരണത്തിനു സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി. കഴിഞ്ഞ 28 നു പരിഗണിച്ച കേസിലാണ് നഷ്ടപരിഹാരക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. 2010 മെയ് 22ന് പുലര്‍ച്ചെ 6 മണിയോടെയാണ് മംഗളൂരു ബജ്‌പെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ വിമാനത്തിന് തീപിടിച്ച് കത്തി 159 യാത്രക്കാര്‍ വെന്തുമരിച്ചത്. വിമാനദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മോണ്‍ട്രിയല്‍ കരാറിന്റെ അടിസ്ഥാനത്തില്‍ 77 ലക്ഷത്തോളം രൂപ ലഭിക്കുമെന്ന് അന്നത്തെ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേല്‍ മംഗളൂരുവില്‍ വാര്‍ത്താലേഖകരോട് പറഞ്ഞിരുന്നു. എന്നാല്‍, എയര്‍ഇന്ത്യ നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ മരിച്ചവരെ തരംതിരിക്കുകയായിരുന്നു. ഇതിനെതിരേ അപകടത്തില്‍ മരിച്ച കുമ്പള ആരിക്കാടി സ്വദേശിയുടെ പിതാവ് അബ്ദുല്‍ സലാമും എയര്‍ ക്രാഷ് വിക്ടിംസ് ഫാമിലീസ് അസോസിയേഷനും ചേര്‍ന്നാണ് സുപ്രിംകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് എയര്‍ഇന്ത്യയുടെ 10 ലക്ഷം രൂപ വീതവും പ്രധാനമന്ത്രിയുടെ ഫണ്ടി ല്‍ നിന്ന് രണ്ടു ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാരിന്റെ മൂന്നു ലക്ഷം രൂപയുമടക്കം 15 ലക്ഷം രൂപ വീതമാണ് നേരത്തേ ആശ്വാസധനമായി അനുവദിച്ചിരുന്നത്. എന്നാല്‍, എയര്‍ഇന്ത്യ കമ്പനിയുടെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട നിയമോപദേഷ്ടാക്കളായ മുല്ല ആന്റ് മുല്ല കമ്പനിയുടെ മുഖ്യ ഉപദേഷ്ടാവ് എച്ച് ഡി നാനാവതിയുടെ നേതൃത്വത്തില്‍ മംഗളൂരുവി ല്‍ മരിച്ചവരുടെ ആശ്രിതരെ വിളിച്ചുവരുത്തി ചര്‍ച്ച ചെയ്ത് ചിലര്‍ക്ക് നിസ്സാര നഷ്ടപരിഹാരമാണ് വിതരണം ചെയ്തത്. മോണ്‍ട്രിയല്‍ കരാറിന്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരം മരിച്ച എല്ലാവരുടെയും ആശ്രിതര്‍ക്ക് നല്‍കണമെന്നാണ് ഹരജിക്കാരുടെ വാദം. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top