നഷ്ടപരിഹാരം തിട്ടപ്പെടുത്തിയില്ല; ചര്‍ച്ച പുരോഗമിക്കുന്നു

കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ 42 ആരാധനാലയങ്ങളുടെ സ്ഥലങ്ങള്‍ ഏറ്റെടുക്കും. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എല്‍എ എന്‍എച്ച് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ക്ഷേത്രങ്ങളുടേയും പള്ളികളുടേയും ഭാരവാഹികളുമായി ചര്‍ച്ച തുടങ്ങി. ഇന്നലെ വൈകിട്ട് അണങ്കൂരിലെ എല്‍എ എന്‍എച്ച് കാര്യാലയത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ദേശീയപാതക്കരികിലുള്ള ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ച നടത്തി.
ഇന്ന് ഹൊസ്ദുര്‍ഗ് താലൂക്കിലെ ആരാധനാലയ കമ്മിറ്റി ഭാരവാഹികളുമായി ചര്‍ച്ച നടത്തും. മഞ്ചേശ്വരം 11, കാസര്‍കോട് ഒമ്പത്, ഹൊസ്ദുര്‍ഗ് 22 എന്നിങ്ങനെയാണ് ആരാധനാലയങ്ങളുടെ സ്ഥലങ്ങള്‍ നഷ്ടപ്പെടുന്നത്. എന്നാല്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരത്തെ കുറിച്ച് ആരാധനാലയ കമ്മിറ്റി ഭാരവാഹികള്‍ക്ക് അധികൃതര്‍ വ്യക്തമായ ഉറപ്പുനല്‍കണമെന്നാവശ്യപ്പെട്ടതോടെ സ്ഥലം അളന്നുതിട്ടപ്പെടുത്തുന്നത് നീണ്ടുപോകും. ആരാധനാലയങ്ങളുടെ മതിലുകളും മറ്റും നഷ്ടപ്പെടുന്നുണ്ട്.
ഇതിന്റെ പുനരുദ്ധാരണത്തിനടക്കം തുക അനുവദിക്കണമെന്നാണ് കമ്മിറ്റി ഭാരവാഹികളുടെ ആവശ്യം. എന്നാല്‍ ഇത് സംബന്ധിച്ച് സര്‍ക്കാറിലേക്ക് എഴുതാമെന്നും സ്ഥലം അളക്കാന്‍ അനുവദിക്കണമെന്നുമാണ് റവന്യൂ അധികൃതര്‍ ആവശ്യപ്പെടുന്നത്. നഷ്ടപരിഹാരത്തിന്റെ തുക പിന്നീട് കണക്കാമെന്നാണ് ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ വിഭാഗത്തിന്റെ മറുപടി. ഇതിനകം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്തവര്‍ക്കായി 6.45 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്.
മഞ്ചേശ്വരം മുളിഞ്ചെ വില്ലേജില്‍ 22 പേര്‍ക്കും മറ്റു 13 പേര്‍ക്കുമായാണ് നഷ്ടപരിഹാരം ന ല്‍കിയത്. ബാര വില്ലേജില്‍ 22 പേര്‍ക്ക് 2.35 കോടി രൂപയും പനയാല്‍ വില്ലേജില്‍ 57,45,000 രൂപയും നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്. നീലേശ്വരം റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് 15.75 കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടുള്ളത്. സ്ഥലമെടുപ്പ് ഊര്‍ജിതപ്പെടുത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായി എ ല്‍എ എന്‍എച്ച് ഡെപ്യൂട്ടി കലക്ടര്‍ തേജസിനോട് പറഞ്ഞു.

RELATED STORIES

Share it
Top