നഷ്ടത്തിലുള്ള കമ്പനി റിലയന്‍സിന് ചുളുവിലയ്ക്ക് ഏറ്റെടുക്കാന്‍ നിയമഭേദഗതി കൊണ്ടുവന്ന് കേന്ദ്രം

കെ എ സലിം
ന്യൂഡല്‍ഹി: റിലയന്‍സിന് വേണ്ടി പാപ്പര്‍ നിയമഭേദഗതി ബില്ലില്‍ ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ധനകാര്യമന്ത്രി പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബാങ്കറപ്‌സി കോഡ് (സെക്കന്‍ഡ് അമന്‍മെന്റ്) ബില്ല് 2018-ല്‍ ആണ് റിലയന്‍സിന് വേണ്ടി ഓഹരി ഇടപാടുകാരുടെ വോട്ട് വിഹിതത്തില്‍ ഭേദഗതി വരുത്തിയത്. ഇത് കടത്തില്‍ മുങ്ങിയ മുംബൈയിലെ ടെക്‌സ്റ്റൈല്‍ കമ്പനിയായ അലോക് ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുന്ന റിലയന്‍സിനെ സഹായിക്കാനാണെന്നാണ് ആക്ഷേപം.
കഴിഞ്ഞ മാസം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ച ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്‌സി കോഡ് ഓര്‍ഡിനന്‍സിന് പകരമായാണ് ബില്ല് കൊണ്ടുവന്നിരിക്കുന്നത്.
കമ്പനിയെ മറ്റാര്‍ക്കെങ്കിലും വില്‍ക്കുകയോ ഏറ്റെടുക്കുകയോ ചെയ്യുന്നത് സംബന്ധിച്ച പ്രമേയം പാസാവണമെങ്കില്‍ ഓഹരി ഇടപാടുകാരുടെ 75 ശതമനം വോട്ടുവിഹിതം വേണമെന്നാണ് നിലവിലെ നിയമം. ഇത് ബില്ലില്‍ 66 ശതമാനമായി കുറച്ചിട്ടുണ്ട്. കമ്പനി റിലയന്‍സിന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് അലോക് ഗ്രൂപ്പിന്റെ പ്രമേയത്തിന് 70 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. അതിനാല്‍ പദ്ധതി നടപ്പാവാതെ നില്‍ക്കുകയായിരുന്നു.
ഇത് നിയമപ്രകാരം 66 ശതമാനമായി കുറയ്ക്കുന്നതോടെ റിലയന്‍സിന് ഇത് ഏറ്റെടുക്കാനാവും. ജെഎം ഫിനാന്‍ഷ്യന്‍ അസറ്റ് റീ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡുമായി ചേര്‍ന്നാണ് റിലയന്‍സ് അലോക് കമ്പനിയെ ഏറ്റെടുക്കാന്‍ പദ്ധതി സമര്‍പ്പിച്ചത്.
നിലവില്‍ അലോക് കമ്പനി 30,000 കോടി വിവിധ ബാങ്കുകള്‍ക്ക് നല്‍കാനുണ്ട്. അലോകിന്റെ ആകെ സ്വത്തിന്റെ 83 ശതമാനമാണിത്. 29.6 കോടിയുടെ ബാക്കി മൂല്യവുമുണ്ട്. റിലയന്‍സ് വെറും 5,050 കോടി—ക്കാണ് അലോക് ഏറ്റെടുക്കുന്നത്. അതോടെ ബാങ്കിന് തങ്ങളുടെ പണം ഈടാക്കുന്നതിനുള്ള നടപടികളിലേക്ക് പോവാന്‍ കഴിയില്ല. ഈ വര്‍ഷം മാര്‍ച്ചിലാണ് അലോക് ഇന്‍ഡ്രസ്ട്രീസ് ഏറ്റെടുക്കാന്‍ ആദ്യ ലേലം നടന്നത്. എന്നാല്‍ ലേലത്തില്‍ റിലയന്‍സ്- ജെഎം ചേര്‍ന്നുള്ള വിഭാഗമല്ലാതെ മറ്റാരും പങ്കെടുത്തില്ല. എന്നാല്‍ പ്രമേയത്തിന് ഉദ്ദേശിച്ച വോട്ട് ഷെയര്‍ കിട്ടാതായതോടെ നടക്കാതെ പോവുകയായിരുന്നു.
കമ്പനി റിലയന്‍സിന് നല്‍കാനുള്ള നീക്കത്തെ ഓള്‍ ഇന്ത്യാ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍ എതിര്‍ത്തിട്ടുണ്ട്. ഇതിനിടെയാണ് വോട്ട് ഷെയറില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നിരിക്കുന്നത്.
അലോകിനെ കൂടാതെ ഭൂസാന്‍ സ്റ്റീല്‍, ഇലക്‌ട്രോ സ്റ്റീല്‍, മോനറ്റ് ഇസ്പാറ്റ് തുടങ്ങിയ നഷ്ടത്തിലുള്ള കമ്പനികളും നിലവില്‍ സമാനമായ പ്രമേയം പാസാക്കാനാവാത്ത പ്രതിസന്ധി നേരിടുന്നുണ്ട്. കടം തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയതായി റിസര്‍വ് ബാങ്ക് പട്ടികയിലുള്ള 12 കമ്പനികളിലുള്‍പ്പെട്ടവയാണിത്. അതോടൊപ്പം പാര്‍പ്പിട പദ്ധതിയില്‍ വീടു വാങ്ങാന്‍ പണം നല്‍കുന്നവരെ വാണിജ്യാവശ്യങ്ങള്‍ക്ക് കടംനല്‍കുന്നവരായി പരിഗണിച്ചുകൊണ്ടുള്ള ഭേദഗതിയും ബില്ലിലുണ്ട്.

RELATED STORIES

Share it
Top