നവ ലിബറല്‍ സഖാക്കള്‍

രാഷ്ട്രീയ കേരളം - എച്ച് സുധീര്‍
മുമ്പേ ഗമിക്കുന്ന ഗോവ് തന്റെ പിമ്പേ ഗമിക്കുന്നു ബഹുഗോക്കളെല്ലാം’ എന്നാണല്ലോ ചൊല്ല്. ഇതു പശുക്കളുടെ കാര്യത്തില്‍ മാത്രമുള്ള കാര്യമല്ല, സംസ്ഥാനത്തെ സിപിഎം നേതാക്കളും മക്കളും ഇങ്ങനെയാണത്രേ. ഒറ്റ ദോഷമേയുള്ളൂ. പിന്തുടരല്‍ സാമ്പത്തിക തട്ടിപ്പിന്റെയും വിവാദങ്ങള്‍ സൃഷ്ടിക്കലിന്റെയും കാര്യത്തിലാണ്. സിപിഎം നേതാക്കളുടെ മക്കള്‍ വിവാദമാണ് വിഷയം. വിവാദത്തിനു തുടക്കമിട്ടത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയാണ്. ബിനോയിക്കെതിരേ കോടികളുടെ സാമ്പത്തിക തട്ടിപ്പിനു യുഎഇയില്‍ കേസുണ്ടെന്ന വാര്‍ത്തയാണ് പുറത്തുവന്നത്. വാര്‍ത്ത പോളിറ്റ് ബ്യൂറോ വരെയെത്തി. തൊട്ടുപിന്നാലെ കൊല്ലം എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തും ഇ പി ജയരാജന്റെ മകനും ഒപ്പം ബിനീഷ് കോടിയേരിയും തട്ടിപ്പു കേസിന്റെ ക്യൂവില്‍ ഇടംപിടിച്ചു. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ചങ്ങാത്ത മുതലാളിത്തത്തിന്റെ ഭാഗമാവുന്നുവെന്ന ദുസ്സൂചനയാണ് നേതാക്കളുടെ മക്കളുടെ വിദേശ ബന്ധങ്ങളും കൊടുക്കല്‍-വാങ്ങല്‍ വിവരങ്ങളും വ്യക്തമാക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്കെതിരേ ആദ്യമായല്ല സാമ്പത്തിക ആരോപണങ്ങള്‍ പുറത്തുവരുന്നത്. ദേശീയതലത്തില്‍ അടുത്തിടെ ചിദംബരത്തിന്റെയും അമിത്ഷായുടെയും മക്കള്‍ക്കെതിരേ അഴിമതിക്കേസുകള്‍ പൊങ്ങിവന്നതു കാണാം. ഇന്ത്യയിലെത്തന്നെ രാഷ്ട്രീയക്കാര്‍ അടക്കമുള്ളവര്‍ വിവിധ രാജ്യങ്ങളില്‍ പണം നിക്ഷേപിച്ചതിന്റെ വെളിപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. ലോകരാഷ്ട്രീയത്തിലേക്കു പോയാല്‍ പാനമ രേഖകള്‍ കള്ളപ്പണം പൂഴ്ത്തിവച്ചതു സംബന്ധിച്ച പല രഹസ്യങ്ങളും പുറത്തുകൊണ്ടുവന്നു. വിദേശത്തുള്ള സാധാരണ മലയാളിക്ക് ചെക്ക് ഒപ്പിട്ടുകൊടുത്താല്‍ കിട്ടാത്ത പണം സിപിഎം നേതാവിന്റെ മകനു കിട്ടുന്നതിനു കാരണം വിദേശത്തെ മലയാളി സമ്പന്നരുമായുള്ള ബന്ധങ്ങളാണ്. മലയാളി സമ്പന്നര്‍ മക്കളുമായുള്ള ചങ്ങാത്തം ഉപയോഗിക്കുന്നത് തങ്ങള്‍ക്ക് നാട്ടിലുള്ള ബിസിനസിനു പ്രയോജനം ലഭിക്കുന്നതിനു വേണ്ടിയാണെന്നു മനസ്സിലാക്കാന്‍ അത്ര ആലോചിക്കേണ്ടതില്ല. വസ്തുത ഇതൊന്നുമല്ലെങ്കില്‍ എന്തിനു വേണ്ടിയാണ് ബിനോയിയെ രക്ഷിക്കാന്‍ ഗള്‍ഫിലെ മലയാളി മുതലാളിമാര്‍ ഇടപെടുന്നതെന്നും പാര്‍ട്ടി വിശദീകരിക്കേണ്ടിവരും. ഈ കൊടുക്കല്‍-വാങ്ങല്‍ ബന്ധം മുളയിലേ നുള്ളേണ്ടതാണ്. അതിന്റെ വ്യാപ്തി അറിയണമെങ്കില്‍ ദേശീയ ഏജന്‍സികള്‍ അന്വേഷണരംഗത്ത് എത്തണം. അതിനു പ്രതിപക്ഷം ഉണരണം. എന്നാല്‍, ഇപ്പോള്‍ സഭാതലം ബഹളമയമാക്കുന്ന കോണ്‍ഗ്രസ് അന്വേഷണമെന്ന ആവശ്യം ഇതുവരെ ശക്തമായി ഉയര്‍ത്തിക്കൊണ്ടുവന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അവര്‍ക്കും മക്കളുണ്ടല്ലോ. സിപിഎമ്മിലെ തിരുത്തല്‍ ശക്തിയായ വി എസ് അച്യുതാനന്ദനും പ്രതികരിച്ചുകണ്ടില്ല. അദ്ദേഹത്തിനും ഇതു ചന്തയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാവാം. കോടിയേരിയുടെ മൂത്ത മകന്‍ ബിനോയ് 13 കോടി രൂപ തട്ടിയെടുത്തുവെന്നു പറഞ്ഞത് പ്രതിപക്ഷ കക്ഷികളൊന്നുമല്ല, ഇടതു നേതാക്കളുടെ മക്കളുടെ ബിസിനസ് പങ്കാളിയായിരുന്ന മര്‍സൂഖിയെന്ന അറബിയാണ്. അറബി സിപിഎം നേതാക്കളുടെ ചെവിയില്‍ പറഞ്ഞതാണ് ഇക്കാര്യം. തമ്മിലടിക്ക് കേന്ദ്ര-സംസ്ഥാന വ്യത്യാസങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് രഹസ്യം അന്തഃപുരം കടക്കാന്‍ കാലതാമസമുണ്ടായില്ല. പരാതി ചോര്‍ത്തിയത് യെച്ചൂരിയാണെന്ന്, ഫാഷിസം ഇനിയും വന്നില്ലെന്ന് ആശ്വസിക്കുന്ന കാരാട്ട് പക്ഷവും കേരള ഘടകവും ആരോപിക്കുന്നുണ്ട്. പിന്നാലെ പരാതി ലഭിച്ചതായി യെച്ചൂരി വെളിപ്പെടുത്തുകയും ചെയ്തു. നേതാക്കള്‍ ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ ഇത് പാര്‍ട്ടി പ്രശ്‌നമല്ലെന്ന് കേരള ഘടകം ആവര്‍ത്തിക്കുമ്പോള്‍, പാര്‍ട്ടി ചര്‍ച്ച ചെയ്ത് നടപടിയെടുക്കുമെന്നാണ് യെച്ചൂരി പറയുന്നത്. അപ്പോള്‍ കാര്യങ്ങളുടെ കിടപ്പ് വ്യക്തമാണ്. അതിനിടെ, സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനം നടക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ പതിവാണെന്നാണ് കോടിയേരി പുത്രന്റെ കണ്ടെത്തല്‍. അതിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും പറയുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ സ്ഥാനമാനങ്ങള്‍ കിട്ടാനും ഇല്ലാതാക്കാനും മറ്റു പാര്‍ട്ടിക്കാര്‍ ശ്രമിക്കില്ല. അപ്പോള്‍ വിവാദം പാര്‍ട്ടിക്കുള്ളില്‍ തന്നെയാണെന്നല്ലേ ബിനീഷ് പറയാതെ പറയുന്നത്? ആരോപണം പാര്‍ട്ടി നേതാവായ തനിക്കെതിരെയല്ല, മകനാണ് പ്രതിസ്ഥാനത്തുള്ളതെന്നു കോടിയേരിയും, തങ്ങള്‍ ചെയ്യുന്നതിന്റെ ഫലം അച്ഛനെതിരേ ഉപയോഗിക്കേണ്ടെന്ന് മകനായ ബിനീഷ് കോടിയേരിയും പറയുന്നു. നേതാവിന്റെ മകനെതിരായ ആരോപണത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഉത്തരം പറയേണ്ട ബാധ്യതയില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും വ്യക്തമാക്കുന്നു. രണ്ടു വ്യക്തികള്‍ വിദേശ രാജ്യത്ത് കടം വാങ്ങിയതുമായി ബന്ധപ്പെട്ട വ്യക്തിപരമായ കേസാണിതെന്നു ന്യായീകരിക്കുന്നു. ഇതൊക്കെ ശരിയാണ്. എന്നാല്‍, സഖാക്കളുടെ മക്കളുടെ വിദേശ വ്യവസായത്തിന്റെ സ്രോതസ്സ് എന്താണ്? കുടുംബപരമായി സമ്പന്നനല്ലാത്ത കോടിയേരിയുടെ മക്കള്‍ക്ക് എങ്ങനെ കോടികളിട്ട് കളിക്കാന്‍ സാഹചര്യമൊരുങ്ങി? കോടിക്കണക്കിനു രൂപ ഏതു മലയാളി ചെന്നു ചോദിച്ചാലും എതിര്‍കക്ഷിയായ ജാസ് ടൂറിസം കമ്പനി കടം കൊടുക്കുമോ? സാധാരണക്കാരായ ലക്ഷക്കണക്കിനു മലയാളികള്‍ പണിയെടുക്കുന്ന യുഎഇയില്‍ അവര്‍ക്കൊന്നും ലഭിക്കാത്ത വന്‍ തുക എങ്ങനെയാണ് ബിനോയിക്ക് വായ്പയായി ലഭിച്ചത്? ഈ ചോദ്യങ്ങള്‍ക്ക് പാര്‍ട്ടിയണികള്‍ക്കെങ്കിലും മറുപടി കൊടുക്കാന്‍ സിപിഎമ്മിനും കോടിയേരിക്കും ബാധ്യതയുണ്ട്. നിയമനടപടികളുമായി മക്കള്‍ മുന്നോട്ടുപോവുമെന്നാണ് കോടിയേരി പറഞ്ഞത്. അതുകൊണ്ട് കാര്യമില്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ കാര്യങ്ങള്‍ വിശദീകരിക്കേണ്ടത് ധാര്‍മികതയാണ്. അതുമല്ലെങ്കില്‍ മക്കളും അവരുടെ ജീവിതോപാധി ഉള്‍െപ്പടെയുള്ളവയും തന്റെ നിയന്ത്രണത്തിലല്ലെന്നും, താന്‍ മക്കളുടെയോ തിരിച്ചോ സമ്പാദ്യത്തിന്റെ ഫലങ്ങള്‍ അനുഭവിക്കുന്നില്ലെന്നും പറയാന്‍ സാധിക്കണം. അല്ലാതെ പാവപ്പെട്ടവന്റെ അത്താണിയെന്നു പറയുന്ന പാര്‍ട്ടിയുടെ സമുന്നത നേതാവ്, എല്ലാം നിയമത്തിന്റെ വഴിക്കെന്നു പറഞ്ഞ് കൈകഴുകുകയല്ല വേണ്ടത്. 2007ലാണ് ബിനോയ് ബിസിനസ് ആവശ്യങ്ങള്‍ക്കായി യുഎഇയില്‍ എത്തുന്നതെന്നാണ് വിവരം. അന്ന് ഇടതുപക്ഷ സര്‍ക്കാരില്‍ ആഭ്യന്തര-ടൂറിസം-വിജിലന്‍സ് മന്ത്രിയാണ് കോടിയേരി. ബിനോയിക്കെതിരേ ആരോപണം ഉന്നയിച്ച അറബി മര്‍സൂഖി നടത്തുന്നത് ജാസ് എന്ന പേരിലുള്ള ടൂറിസം കമ്പനിയാണ്. ഇതെല്ലാം കൂട്ടിവായിച്ചാല്‍ അരിയാഹാരം കഴിക്കുന്ന ആര്‍ക്കും കാര്യങ്ങളുടെ കിടപ്പ് മനസ്സിലാവും. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഉത്തരം പറഞ്ഞേ മതിയാവൂ. ഇനി, കേരളത്തിന്റെ ടൂറിസം മേഖലയില്‍ ബിനോയിയോ മര്‍സൂഖിയോ മുതല്‍മുടക്കിയിട്ടില്ലെങ്കില്‍ എവിടെ, എന്തിനു വേണ്ടിയാണ് ഇത്രയും കോടികള്‍ ചെലവഴിച്ചതെന്ന ചോദ്യവും ബാക്കിനില്‍ക്കുന്നു. സിപിഎമ്മിനു മാത്രമല്ല, പ്രവാസി മലയാളികള്‍ക്കാകെ ബിനോയിക്കെതിരായ കേസ് നാണക്കേടുണ്ടാക്കുന്നു. ഗള്‍ഫില്‍ ബിസിനസ് ചെയ്തു വിജയിച്ച പ്രശസ്തരായ നിരവധി മലയാളികളുണ്ട്. വിശ്വാസ്യതയാണ് ഇവരുടെ കൈമുതല്‍. അത്തരം വിശ്വാസ്യതയ്ക്ക് കോട്ടംതട്ടിക്കുന്നതാണ് ബിനോയിയെ പോലുള്ളവര്‍ ചെയ്യുന്ന വഞ്ചന. വിവാദങ്ങളുണ്ടാക്കി ഭരണകക്ഷിയും ഇതിനെതിരേ സഭയില്‍ തന്നെ പ്രതിഷേധിച്ച് പ്രതിപക്ഷവും കളി തുടരുമ്പോള്‍ നഷ്ടം സാധാരണക്കാരനാണ്. ഇന്ധന വിലവര്‍ധന ജനത്തെ അലട്ടിക്കൊണ്ടിരിക്കുന്നു. അവശ്യസാധനങ്ങളുടെ വിലവര്‍ധന അടക്കമുള്ള സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ഇനി ആരാണ്? ി

RELATED STORIES

Share it
Top