നവീന്‍കുമാറിന് കൊലയാളിയെ നേരിട്ടറിയാമെന്ന് പോലിസ്

ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ച കേസില്‍ അറസ്റ്റിലായ നവീന്‍കുമാറിന് കൊലയാളിയെ നേരിട്ടറിയാമെന്ന് പ്രത്യേക അന്വേഷണ സംഘം. എന്നാല്‍, നവീന്‍കുമാര്‍ ഇക്കാര്യങ്ങളെല്ലാം മറച്ചു വയ്ക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ യുവാക്കളെ ഉള്‍പ്പെടുത്തി ഹിന്ദുത്വ പരിപാടി സംഘടിപ്പിച്ചിരുന്നത് നവീനാണ്. ഗൗരി ലങ്കേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിലും നവീന് പങ്കുണ്ട്. കൊലയാളിയെ നവീന് നേരിട്ടറിയാം. എന്നാല്‍, പലരെയും രക്ഷപ്പെടുത്തുന്നതിനായി ഇദ്ദേഹം ഇത് മറച്ചുവയ്ക്കുകയാണ്.
കെ എസ് ഭഗവാനെ  കൊലപ്പെടുത്താന്‍ നടത്തിയ ശ്രമവുമായി ബന്ധപ്പെട്ട് നവീന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ വൈകാതെ കണ്ടെത്തും. ഇതിന്റെ ആധികാരികതക്കായി ഫോറന്‍സിക് പരിശോധന നടത്തുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇദ്ദേഹത്തെ തമിഴ്‌നാട്ടിലെ കൊടൈക്കനാലിലും ഗോവയിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും മറ്റും തെളിവെടുപ്പിന് കൊണ്ടുപോവാന്‍ അന്വേഷണ സംഘം തയ്യാറെടുക്കുന്നതായാണ് സൂചന.
നവീന്‍കുമാറുമായി നേരിട്ട് ബന്ധമുള്ള ഹിന്ദുത്വരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണിത്.

RELATED STORIES

Share it
Top