നവീകരിച്ച ജനകീയ ലാബിന്റെയും ആധുനിക സ്‌കാനിങ് സെന്ററിന്റെയും ഉദ്ഘാടനം നാളെ

അമ്പലപ്പുഴ: വണ്ടാനം ചേതന പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള നവീകരിച്ച ജനകീയ ലാബിന്റെയും രോഗ നിര്‍ണയ സംവിധാനത്തിന്റെ ഭാഗമായി സ്ഥാപിച്ച ആധുനിക സ്‌കാനിങ് സെന്ററിന്റെയും ഉദ്ഘാടനം ശനി വൈകീട്ട് നാലിന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഗര്‍ഭസ്ഥ ശിശുവിനെ കാണുന്നതിനും ഹൃദയമിടിപ്പ് വ്യക്തതയോടെ മനസ്സിലാക്കുന്നതിനും ഏറെ സഹായകരമാകുന്ന ലൈവ് 4 ഡി സ്‌കാനിങ് യന്ത്രമാണ് ഇതിനായി സജ്ജമാക്കിയിട്ടുള്ളത്. മറ്റു ലാബുകളില്‍ നിന്ന് വ്യത്യസ്ഥമായി വണ്ടാനത്ത് ഇതാദ്യമാണ്. അള്‍ട്രാസൗണ്ട് സ്‌കാനിങില്‍ കളര്‍ ഡോപ്ലര്‍ ഉള്‍പ്പെടെ 123 തരം പരിശോധനകളും, ഹോര്‍മോണ്‍ പരിശോധനകള്‍ക്ക് നവീന ഇമ്യൂണോളജി മെഷീനും ഇവിടെ പ്രവര്‍ത്തിക്കും. മുഴുവന്‍ ചികില്‍സാ വിഭാഗങ്ങളിലേയും പരിശോധനകളില്‍ കൂടുതല്‍ കൃത്യതയോടെയും വേഗത്തിലും ഫലം ലഭ്യമാകുന്ന ലോകനിലവാരത്തിലുള്ള ഫുള്ളി ഓട്ടോമാറ്റഡ് യന്ത്രങ്ങളാണ് ലാബില്‍ സ്ഥാപിച്ചിട്ടുള്ളത്.
അടുത്ത മാസം മുതല്‍ എലൈസ പരിശോധനകളും ആരംഭിക്കും. അളവ് കൃത്യമായി ലഭ്യമാക്കാന്‍ കഴിയുന്ന,  ഇതിനാവിശ്യമായ യന്ത്രസാമഗ്രികള്‍ ഉടന്‍ സ്ഥാപിക്കും. 49. 6 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. കെഎസ്എഫ്ഇയുടെ 2016-17ലെ സിഎസ്ആര്‍ ഫണ്ടാണ് ഇതിനായി വിനിയോഗിച്ചത്. കെഎസ്എഫ്ഇ നേരിട്ട് ടെണ്ടര്‍ ക്ഷണിച്ചാണ് ഇതിനാവശ്യമായ ആധുനിക യന്ത്രസാമഗ്രികള്‍ എത്തിച്ചത്. സ്വകാര്യ ലാബിനുകളില്‍ നിന്ന് വ്യത്യസ്ഥമായി നിലവില്‍ 40 മുതല്‍ 45 ശതമാനം വരെ നിരക്ക് കുറച്ചാണ് ചേതന ലാബില്‍ പരിശോധനകള്‍ നടത്തുന്നത്. ഇതുവഴി 50 ലക്ഷത്തിലധികം രൂപയുടെ സബ്‌സിഡി ജനങ്ങള്‍ക്ക് ലഭ്യമാക്കാനായി.
ഒപ്പം ചേതനയുടെ പ്രവര്‍ത്തനം ആരംഭിച്ചതോടെ മെഡിക്കല്‍ കോളജാശുപത്രിക്ക് സമീപത്തെ മറ്റു സ്വകാര്യ ലാബുകളില്‍ വിവിധ പരിശോധനക്കുള്ള നിരക്ക് ഗണ്യമായി കുറക്കേണ്ടിവന്നു. വിവിധ ലാബു പരിശോധനകളില്‍ കുറഞ്ഞ നിരക്ക് ഈടാക്കുന്നതു പോലെ തന്നെ ചേതനയിലെ സ്‌കാനിങ് സംവിധാനത്തിലും ഈ സൗകര്യം ലഭ്യമാക്കുന്നതിനാവശ്യമായ നടപടി കൈക്കൊള്ളും.നീര്‍ക്കുന്നം എസ്ഡിവി ഗവ. യുപി സ്‌കൂള്‍ വളപ്പില്‍ ചേരുന്ന സംഗമത്തില്‍ ചേതന സെക്രട്ടറി എച്ച് സലാം അധ്യക്ഷതവഹിക്കും. എസ്എസ്എല്‍സി-പ്ലസ്ടു വിഭാഗങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 125 വിദ്യാര്‍ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ വിതരണം ചെയ്യും.
ഓട്ടോമേറ്റഡ് ഇമ്യൂണോളജി ലാബിന്റെ ഉദ്ഘാടനം കെഎസ്എഫ്ഇ ചെയര്‍മാന്‍ അഡ്വ. ഫിലിപ്പോസ് തോമസും, ഓട്ടോമേറ്റഡ് ബയോകെമിസ്ട്രി ലാബിന്റെ ഉദ്ഘാടനം വണ്ടാനം മെഡിക്കല്‍ കോളജാശുപത്രി സൂപ്രണ്ട് ഡോ. ആര്‍വി.രാം ലാലും, ഓട്ടോമേറ്റ് ഹെമറ്റോളജി ലാബിന്റെ ഉദ്ഘാടനം കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടര്‍ പുരുഷോത്തമനും നിര്‍വഹിക്കും. സമ്മേളനത്തില്‍ വിവിധ മേഖലകളില്‍ പ്രാകല്‍ഭ്യം തെളിയിച്ച ഡോക്ടര്‍മാരായ ഗോമതി, ശിവ പ്രസാദ്, നാസര്‍, ഹരികുമാര്‍, അബ്ദുല്‍സലാം,പിടി പ്രീതി, ഷിബു സുകുമാരന്‍, ജീവ കാരുണ്യ പ്രവര്‍ത്തകന്‍ ഹബീബ് തയ്യില്‍, മാധ്യമ അവാര്‍ഡ് ജേതാവ് ശരത്ചന്ദ്രന്‍,ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ മനീഷ് മൈക്കിള്‍, എംഎസ്‌സി സുവോളജി റാങ്ക് ജേതാവ് മേരി, സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് നവീന്‍ ശ്രീജിത്ത്, കളരിപ്പയറ്റ് സ്വര്‍ണമെഡല്‍ ജേതാവ് എസ്ഹരികൃഷ്ണന്‍, ലാബ് കോഓഡിനേറ്റര്‍ പ്രജീഷ് പ്രഭ എന്നിവരെ ആദരിക്കുമെന്ന് ഭാരവാഹികളായ എച്ച്‌സലാം, എ ഓമനകുട്ടന്‍, പി ജി സയറസ്, എ ഹാശിം, വി കെ മുഹമ്മദ് ഫാസില്‍ പറഞ്ഞു.സമ്മേളനാനന്തരം പിന്നണി ഗായകന്‍ സജേഷ് പരമേശ്വരന്റെ ഗാനമേളയും അരങ്ങേറും.

RELATED STORIES

Share it
Top