നവാസ് ശരീഫിന് കോടതിയുടെ ആജീവനാന്ത വിലക്ക്

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ അഴിമതിക്കേസില്‍ പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് നവാസ് ശരീഫിന് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിന് പരമോന്നത കോടതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. ഭരണഘടന അനുച്ഛേദം 62(1) എഫ് അനുസരിച്ചാണ് ഉത്തരവ്. പാനമ രേഖ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് നവാസ് ശരീഫ് പുറത്താക്കപ്പെട്ടത്.
സുപ്രിംകോടതി ഉത്തരവോടെ മൂന്നുവട്ടം പാകിസ്താന്‍ പ്രധാനമന്ത്രിപദം അലങ്കരിച്ച 68കാരനായ നവാസ് ശരീഫിന്റെ രാഷ്ട്രീയ ജീവിതത്തിന് അന്ത്യമാവുമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഭരണഘടനാ ബെഞ്ച് അയോഗ്യനാക്കിയ ശരീഫിന്റെ അയോഗ്യതയുടെ കാലാവധി സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം അറിയിച്ചത്. ഇതേ വിഷയം സംബന്ധിച്ച് 17 ഹരജികളാണ് കോടതിയില്‍ എത്തിയത്. പാകിസ്താന്‍ മുസ്‌ലിംലീഗ് (നവാസ്) പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനത്തു നിന്നു നവാസ് ശരീഫിനെ അയോഗ്യനാക്കി. ഒരിക്കല്‍ പരമോന്നത കോടതി അയോഗ്യനാക്കിയ വ്യക്തി വീണ്ടും ഔദ്യോഗികസ്ഥാനം വഹിക്കാന്‍ യോഗ്യനല്ലെന്നു ഭരണഘടന പറയുന്നതായി കോടതി അറിയിച്ചു.
സമാനമായ കേസില്‍ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് നേതാവ് ജഹാംഗീര്‍ തരീനെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 15ന് പരമോന്നത കോടതി അയോഗ്യനാക്കിയിരുന്നു. പാര്‍ലമെന്റ് അംഗമോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ അയോഗ്യരാക്കപ്പെടുകയാണെങ്കില്‍ വിലക്ക് ആജീവനാന്തം തുടരുമെന്നും കോടതി അറിയിച്ചു. പാര്‍ലമെന്റ് അംഗം അയോഗ്യനാക്കപ്പെടുകയാണെങ്കില്‍ ആ വ്യക്തിക്ക് പിന്നീടൊരിക്കലും തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാന്‍ സാധിക്കില്ലെന്നു കോടതി അറിയിച്ചു.
അതേസമയം, കോടതി ഉത്തരവ് തമാശയായി കരുതുന്നതായി വിവരസാങ്കേതിക വകുപ്പ് മന്ത്രി മറിയം ഔറംഗസേബ് അറിയിച്ചു. കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയ്‌ക്കെതിരായ കോടതിവിധിക്ക് സമാനമായ വിധിയാണ് നവാസ് ശരീഫിനെതിരേയും വന്നിട്ടുള്ളതെന്ന് അവര്‍ പറഞ്ഞു.
1990ലാണ് നവാസ് ശരീഫ് ആദ്യമായി പാകിസ്താന്റെ പ്രധാനമന്ത്രിപദത്തിലെത്തുന്നത്. 1993 വരെ ഭരണം തുടര്‍ന്നു. 1997 മുതല്‍ 99 വരെ രണ്ടാംവട്ടം പ്രധാനമന്ത്രിയായി. എന്നാല്‍, സൈനിക മേധാവി പര്‍വേസ് മുശര്‍റഫ് പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തു. പിന്നീട് 2013ല്‍ വീണ്ടും പ്രധാനമന്ത്രിയായി. 2017ല്‍ അഴിമതിക്കേസില്‍ നവാസ് ശരീഫ് പുറത്താക്കപ്പെടുകയും ചെയ്തു.

RELATED STORIES

Share it
Top