നവാസ് ശരീഫിന്റെ പത്‌നി അന്തരിച്ചു

ലണ്ടന്‍: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പത്‌നി ബീഗം കുല്‍സും അന്തരിച്ചു. അര്‍ബുദ ബാധിതയായി ലണ്ടനിലാണ് മരിച്ചത്. 68 വയസ്സായിരുന്നു. 2014 ജൂണ്‍ മുതല്‍ ലണ്ടനിലെ ഹാര്‍ലി സ്ട്രീറ്റ് ക്ലിനിക്കില്‍ ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച രാത്രി ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് അവരുടെ ആരോഗ്യനില വഷളാവുകയായിരുന്നു. ശരീഫിന്റെ സഹോദരനും പാകിസ്താന്‍ മുസ്‌ലിംലീഗ് അധ്യക്ഷനുമായ ഷെഹ്ബാസ് ശരീഫ് ട്വിറ്ററിലൂടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. അതേസമയം, അഴിമതി കേസില്‍പ്പെട്ടു റാവല്‍പിണ്ടിയിലെ അദിയാല ജയിലില്‍ കഴിയുന്ന നവാസ് ശരീഫ്, മകള്‍ മറിയം, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവര്‍ക്ക് അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായി പരോള്‍ ലഭിച്ചു. കുല്‍സൂമിന്റെ ഭൗതികശരീരം പാകിസ്താനില്‍ തന്നെ ഖബറടക്കാനാണ് തീരുമാനം. 1950ല്‍ ലാഹോറില്‍ കശ്മീരി കുടുംബത്തില്‍ ജനിച്ച കുല്‍സും 1990-1993, 1997-1999, 2013-2017 വര്‍ഷങ്ങളില്‍ പാകിസ്താന്റെ പ്രഥമ വനിതയായിരുന്നു. 2017ല്‍ എംപിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും രോഗം കാരണം സത്യപ്രതിജ്ഞ ചെയ്തില്ല. പട്ടാള അട്ടിമറിസമയത്ത് 1999 മുതല്‍ 2002 വരെ പിഎംഎല്‍എന്‍ പ്രസിഡന്റായി കുല്‍സും പ്രവര്‍ത്തിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top