നവാസ് ശരീഫിനെ കാണാന്‍ അഭിഭാഷകരെ അനുവദിച്ചില്ല

റാവല്‍പിണ്ടി: അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെയും കൂട്ടുപ്രതികളായ മകള്‍ മറിയം, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവരെയും കാണാന്‍ ഇവരുടെ അഭിഭാഷകസംഘത്തെ അനുവദിച്ചില്ല. മുന്‍കൂര്‍ അനുമതി ലഭിച്ചതുപ്രകാരം ഇവരെ കാണാന്‍ റാവല്‍പിണ്ടിയിലെ അഡ്യാല ജയിലില്‍ എത്തിയ അഭിഭാഷക സംഘത്തെയാണ് അനുമതി റദ്ദാക്കിയെന്നു പറഞ്ഞ് ജയിലധികൃതര്‍ മടക്കിവിട്ടത്.
കേസിന്റെ തുടര്‍നടപടികള്‍ സംസാരിക്കാനാണ് അഭിഭാഷകരായ ക്വാജാ ഹാരിസ്, സഅദ് ഹാഷ്മി, സാഫിര്‍ ഖാന്‍, അംജദ് പര്‍വേസ് എന്നിവര്‍ ജയിലിലെത്തിയത്.  നിയമപ്രകാരമുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയാണ് അനുമതി നേടിയത്. ജയിലിലെത്തിയ അഭിഭാഷകരോട് ഇപ്പോള്‍ അനുമതിയില്ലെന്നും മടങ്ങിപ്പോവണമെന്നും സൂപ്രണ്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പാക് പത്രമായ ഡോണ്‍ റിപോര്‍ട്ട് ചെയ്തു. വേണമെങ്കില്‍ മറ്റൊരു ദിവസത്തേക്ക് സന്ദര്‍ശനാനുമതി ലഭിക്കാന്‍ അപേക്ഷിക്കണമെന്നും അനുമതി നല്‍കുമോ എന്ന് ഉറപ്പില്ലെന്നും ജയില്‍ സൂപ്രണ്ട് പറഞ്ഞതായി അഭിഭാഷകര്‍ പറഞ്ഞു. അഭിഭാഷകര്‍ക്കു പോലും കാണാന്‍ അനുമതി നല്‍കാതെ പാകിസ്താന്‍ ഭരണകൂടം ജയിലില്‍ മനുഷ്യാവകാശ ലംഘന ങ്ങള്‍ നടത്തുകയാണെന്ന് നവാസ് ശരീഫിന്റെ അഭിഭാഷകര്‍ ആരോപിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അഴിമതിവിരുദ്ധ കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ച നവാസ് ശരീഫ് കഴിഞ്ഞ 14നാണ് ലാഹോര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. കേസില്‍ ഏഴ് വര്‍ഷം തടവി ശിക്ഷിക്കപ്പെട്ട മകള്‍ മറിയവും അദ്ദേഹത്തോടൊപ്പം അറസ്റ്റിലായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ പാക് സുപ്രിംകോടതി അദ്ദേഹത്തിന് അയോഗ്യത പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രിപദം നഷ്ടമായി. പിന്നാലെ പിഎംഎല്‍എന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനില്‍ക്കാനും സുപ്രിംകോടതി ഉത്തരവിട്ടു.
ലണ്ടനില്‍ ചികില്‍സയിലുള്ള ഭാര്യക്കൊപ്പമായിരുന്ന ശരീഫ് വിചാരണാഘട്ടങ്ങളിലൊന്നും കോടതിയില്‍ ഹാജരായിരുന്നില്ല. കേസില്‍ ശരീഫിനും മകള്‍ മറിയത്തിനും പുറമേ മരുമകന്‍ സഫ്ദറിനും പാക് അഴിമതിവിരുദ്ധ കോടതി ജൂലൈ ആറിന് തടവുശിക്ഷ വിധിച്ചിരുന്നു. ശരീഫിന് 73 കോടി രൂപയും മറിയത്തിന് 18 കോടി രൂപയും പിഴ വിധിച്ചിരുന്നു.

RELATED STORIES

Share it
Top