നവാബ് രാജേന്ദ്രനെക്കുറിച്ചുള്ള ഹ്രസ്വചിത്രം യൂട്യൂബില്‍

കോഴിക്കോട്:പ്രത്യാഘാതങ്ങളെക്കുറിച്ച് ഓര്‍ക്കാത്തവര്‍ക്കേ നീതിക്കു വേണ്ടി പോരാടാനാവൂ... ഇങ്ങനെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ സ്വന്തമെന്നു പറയാവുന്ന എല്ലാം നഷ്ടപ്പെട്ട, നീതിപീഠം ശല്യക്കാരനായ വ്യവഹാരിയെന്ന ബഹുമതിപ്പട്ടം ചാര്‍ത്തിനല്‍കിയ നവാബ് രാജേന്ദ്രനെക്കുറിച്ചൊരു ഹ്വസ്വചിത്രം.
നിര്‍ഭയത്വത്തിന്റെ ആള്‍രൂപമായ രാജേന്ദ്രനെക്കുറിച്ച് ഡോക്യുമെന്ററി ചെയ്യാന്‍ മഹാസംവിധായകരൊന്നുമല്ല മുന്നോട്ടുവന്നത്. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു കെട്ടിട നിര്‍മാണത്തൊഴിലാളിയാണ് ആ ഓര്‍മപ്പെടുത്തലിന് തയ്യാറായത്. തന്റെ ദിവസക്കൂലിയില്‍ നിന്നു പലപ്പോഴായി ചേര്‍ത്തുവച്ച പണം കൊണ്ട് മന്ദത്ത് ക്രിയേഷന്‍സ് എന്ന ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മിതി. രചനയും സംവിധാനവും നിര്‍വഹിക്കുന്നതു രാധാകൃഷ്ണനെന്ന കക്കോടി സ്വദേശിയാണ്.
ഒരു വ്യവഹാരിയുടെ ആത്മാവ് എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി ഇപ്പോള്‍ യൂട്യൂബില്‍ ലഭ്യമാണ്. രാജന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങിവന്ന് തന്റെ ഇഷ്ടഭൂമികയായ കോഴിക്കോട് നഗരത്തില്‍ ഒരിക്കല്‍ ക്കൂടി കറങ്ങിനടക്കുന്നതാണു ഡോക്യുമെന്ററിയില്‍. കോഴിക്കോട് നഗരത്തിന്റെ പുതിയ മുഖച്ഛായ കണ്ട് സ്വര്‍ഗത്തിലേക്ക് തന്നെ അവന്‍ തിരിച്ചുപോവുന്നു. ഇതിനിടെ രാജേന്ദ്രന്റെ വ്യവഹാരകഥകളും പോലിസ് മര്‍ദനവുമെല്ലാം ചിത്രത്തിലുണ്ട്. ഹരിദാസ് കോഴിക്കോട്, സച്ചിന്‍ നെല്ലിക്കോട്, ബാലകൃഷ്ണന്‍ നടുക്കണ്ടി, ശിവന്‍ ഒറ്റപ്പാലം, രഘു ചിത്രവാണി എന്നിവരാണു ചിത്രത്തില്‍. ജീവിച്ചിരിക്കുന്ന 10 പ്രശസ്ത മലയാളികളെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ തിരഞ്ഞെടുക്കുന്ന അവരിലൊരാള്‍ നവാബ് രാജേന്ദ്രനായിരിക്കുമെന്ന് എഴുത്തുകാരന്‍ എന്‍ പി മുഹമ്മദ് പണ്ട് പറഞ്ഞതാണു ചിത്രം കാണുമ്പോള്‍ ഓര്‍ത്തുപോവുക.

RELATED STORIES

Share it
Top