നവരത്‌ന പതക്കം കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിഅമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണത്തിലെ നവരത്‌നങ്ങള്‍ പതിച്ച പതക്കം കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി ഇന്നലെ മെറ്റല്‍ ഡിക്റ്റക്റ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തി. ആറാട്ടിനു ശേഷം തിരുവാഭരണത്തോടൊപ്പം ചാര്‍ത്തിയ പൂമാലകള്‍ ആന അറക്ക് സമീപം കുഴിയിലിട്ട് കത്തിച്ചിരുന്നു. ഇതിനൊപ്പം പതക്കവും കത്തിച്ചതാകാമെന്ന് മേല്‍ശാന്തിമാരും ജീവനക്കാരു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കത്തിച്ച സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്നാണ് ഇന്നലെ മെറ്റല്‍ ഡിക്റ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. മാലിന്യ കൂമ്പാരമായിരുന്നു ഇവിടെ ആലപ്പുഴയില്‍ നിന്നെത്തിയ പ്രത്യേക സംഘമാണ് പരിശോധന നടത്തിയത്. അതിനിടെ വിശദമായ ചോദ്യം ചെയ്യലിനായി ക്ഷേത്രം ജീവനക്കാരെ ഇന്നലെ അമ്പലപ്പുഴ സ്‌റ്റേഷനിലേക്ക് മാറ്റി. രണ്ട് ദിവസം ക്ഷേത്രം ക്യാംപ് ഓഫിസില്‍ വച്ചാണ് മേല്‍ശാന്തിമാരെയും ജീവനക്കാരെയും ചോദ്യം ചെയ്തത്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായാണ് ചോദ്യം ചെയ്യല്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റിയത്. അന്വേഷണത്തിനായി ജില്ലാ െ്രെകംബ്രാഞ്ച് ഡി വൈ എസ് പി വിജയകുമാരന്‍ നായരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി കൊണ്ടുള്ള ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. ജീവനക്കാരെ ചോദ്യം ചെയ്‌തെങ്കിലും പതക്കം നഷ്ടപെട്ടതിനെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന. പതക്കം കാണാതായത് സംബന്ധിച്ച് മോഷണത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്നും പോലിസ് പറഞ്ഞു.വിശേഷ ദിവസങ്ങളില്‍ മാത്രം ദേവനു ചാര്‍ത്താറുള്ള രണ്ടാം തരം തിരുവാഭരണത്തിലെ മാലയും പതക്കവുമാണു കാണാതായത്. എട്ടു തോല പതിനെട്ടര പണമിട തൂക്കം (ഏകദേശം 98 ഗ്രാം) വരുന്നതാണു മാല. കഴിഞ്ഞ ദിവസം മധ്യമേഖല ഐജി പി വിജയന്‍ ക്ഷേത്രത്തിലെത്തി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘത്തെ രൂപീകരിച്ചിരുന്നു. ടെംപിള്‍ തെഫ്്റ്റ് സ്‌ക്വാഡ് ഡിവൈഎസ്പിയും അന്വേഷണ സംഘത്തിലുണ്ട്. അമൂല്യമായ ആഭരണം സൂക്ഷിക്കുന്ന കാര്യത്തില്‍ അമ്പലപ്പുഴ ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാരുടെ ഭാഗത്തു വീഴ്ചയുണ്ടായതായി  അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ക്ഷേത്രത്തിലെ ആറാട്ടു ദിവസമായ മാര്‍ച്ച് 24നു പുലര്‍ച്ചെവരെ തിരുവാഭരണം വിഗ്രഹത്തിലുണ്ടായിരുന്നതായി മേല്‍ശാന്തിമാരുടെ മൊഴി. എന്നാല്‍, ചടങ്ങുകള്‍ക്കു ശേഷം ഇത് അഴിച്ചുവച്ചിരുന്നോയെന്നു വ്യക്തമല്ല. മൂന്നാഴ്ച കഴിഞ്ഞു വിഷുവിനു വീണ്ടും അണിയേണ്ടതുള്ളതിനാല്‍ ആഭരണങ്ങള്‍ സ്‌ട്രോങ് റൂമിലേക്കു മാറ്റിയിരുന്നില്ല. ഇതു ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.  തിരുവാഭരണം നഷ്ടപ്പെട്ട കാര്യം അറിയിക്കാന്‍ വൈകിയതിനെപ്പറ്റി അന്വേഷിക്കുന്നുണ്ട്. വിഷുവിനു ചാര്‍ത്തിയ ശേഷം കഴിഞ്ഞ ബുധനാഴ്ച ദേവസ്വം സ്‌ട്രോങ് റൂമിലേക്കു മാറ്റാന്‍ തിരുവാഭരണങ്ങള്‍ തിരികെ വാങ്ങിയപ്പോഴാണ് ഒരു മാലയുടെ കുറവുണ്ടെന്നു ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ജെ മുരുകേശന്‍ ദേവസ്വം അസി. കമ്മിഷണര്‍ക്കു റിപോര്‍ട്ട് നല്‍കിയത്.

RELATED STORIES

Share it
Top