നവമാധ്യമങ്ങള്‍ കുട്ടികളുടെ മാനസികാരോഗ്യം തകര്‍ക്കും

ന്യൂഡല്‍ഹി: ഫേസ്ബുക്കടക്കമുള്ള നവ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് വിദഗ്ധര്‍. സാമൂഹികമായ ഒറ്റപ്പെടലിലും ഏകാന്തതയിലും തുടങ്ങി കഠിനമായ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വരെ ഇത് നയിച്ചേക്കാം.
ഏകാന്തത ഒരാളെ സ്വാധീനിക്കുന്നത് പല തരത്തിലാണെന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മാനസികാരോഗ്യ വിഭാഗം മേധാവി ഡോ. സമീര്‍ പരീഖ് പറയുന്നു. അമിതമായ ഫേസ്ബുക്ക് ഉപയോഗത്തിലൂടെയും മറ്റും തോന്നുന്ന ഏകാന്തത ശാരീരികവും മാനസികവുമായ വന്‍ പ്രശ്‌നങ്ങളാണ് ഒരാളില്‍ ഉണ്ടാക്കുക. സാമൂഹിക മാധ്യമങ്ങളിലുണ്ടാക്കുന്ന ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളും ഒരിക്കലും തനതായ മാനുഷിക അനുഭവങ്ങള്‍ക്ക് പകരമാവില്ലെന്നും അദ്ദേഹം പറയുന്നു.
സമാനമായ അഭിപ്രായമാണ് മുംബൈയിലെ നാനാവതി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ മുതിര്‍ന്ന മാനസിരകാരോഗ്യ വിദഗ്ധയായ ഡോ. മാധുരി സിങിന്റേതും. യുവാക്കളിലുണ്ടാവുന്ന സാമൂഹികമായ ഏകാന്തത വിഷാദത്തിലേക്കുംഅല്‍ഷിമേഴ്‌സടക്കമുള്ള രോഗങ്ങളിലേക്കും നയിക്കുമെന്ന് അവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ വ്യാപൃതരാവുന്നതിലൂടെ, മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് അനിവാര്യമായ സാമൂഹിക ആശയവിനിമയങ്ങളില്‍ നിന്ന് അവരെ കൂടുതല്‍ അകറ്റുകയാണെന്നും മാധുരി പറയുന്നു.സാമൂഹിക മാധ്യമങ്ങളോടുള്ള ഭ്രമം ഉണ്ടാക്കുന്ന ഗുരുതരമായ മാനസിക, സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് മുമ്പും പഠനങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

RELATED STORIES

Share it
Top