നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: മാതാപിതാക്കള്‍ അറസ്റ്റില്‍

കൊട്ടാരക്കര (കൊല്ലം): പുത്തൂര്‍ കാരിക്കലില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാതാപിതാള്‍ അറസ്റ്റില്‍. പുത്തൂര്‍ കാരിക്കല്‍ അശ്വതി ഭവനില്‍ മഹേഷ്, ഭാര്യ അമ്പിളി എന്നിവരാണ് അറസ്റ്റിലായത്. അമ്മൂമ്മയെ പോലിസ് വിശദമായി ചോദ്യംചെയ്തു വിട്ടയച്ചിട്ടുണ്ട്. ഇവരും സംശയത്തിന്റെ നിഴലിലാണ്. അമ്പിളിയാണു കുട്ടിയെ കൊലപ്പെടുത്തിയത്.
ഭാര്യ ചെയ്ത കുറ്റം മറച്ചു വച്ചതിനാണു മഹേഷിനെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ: രണ്ടു വര്‍ഷം മുമ്പ് വിവാഹിതയായ അമ്പിളിക്ക് ഒരു കുഞ്ഞുണ്ട്. ഇനിയൊരു കുട്ടി വേണ്ടന്നു തീരുമാനിച്ചെങ്കിലും വീണ്ടും ഗര്‍ഭിണിയായി. ഗര്‍ഭഛിദ്രം നടത്താന്‍ പല തവണ ശ്രമിച്ചെങ്കിലും നടന്നില്ല. അമിതമായ മരുന്നുപയോഗം മൂലം ശിശുവിനു മാനസികമോ, ശാരീരികമോ ആയ വൈകല്യങ്ങള്‍ സംഭവിച്ചിരിക്കാമെന്ന ഭീതിയാണു കുട്ടിയെ കൊലപ്പെടുത്താന്‍ ഇവരെ പ്രേരിപ്പിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി വീട്ടില്‍ വച്ച് പ്രസവിച്ചയുടനെ ശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം സമീപത്തെ കുറ്റിക്കാട്ടില്‍ കുഴിച്ചിടുകയായിരുന്നു. തുണിയില്‍ കെട്ടി വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ കുഴിച്ചിട്ട കുഞ്ഞിന്റെ മൃതദേഹം പിന്നീട് തെരുവുനായ്ക്കള്‍ കടിച്ചെടുത്ത് പുറത്തുകൊണ്ടു വന്നതോടെയാണു സംഭവം പുറംലോകം അറിയുന്നത്.
ഛിന്നഭിന്നമായ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ മാത്രമാണു കൊല്ലപ്പെട്ടതൊരു ആണ്‍കുഞ്ഞാണെന്നു തിരിച്ചറിയാന്‍ സാധിച്ചത്. പിന്നീട് പരിസരത്തെ ഗര്‍ഭിണികളുടെ വിവരം തിരക്കിയപ്പോഴാണ് അമ്പിളിയിലേക്ക് അന്വേഷണം എത്തിയത്.

RELATED STORIES

Share it
Top