നവജാതശിശുവിനെ കഴുത്തറുത്തുകൊന്ന സംഭവംഡിഎന്‍എ പരിശോധന നടത്താന്‍ ഒരുങ്ങി പോലിസ്

മലപ്പുറം: കൂട്ടിലങ്ങാടി ചെലൂരില്‍ നവജാത ശിശുവിനെ കഴുത്തറുത്തുകൊന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലിസ് ഡിഎന്‍എ പരിശോധന നടത്തും. സംഭവത്തില്‍ കുട്ടിയുടെ ഡിഎന്‍എ തെളിയിക്കാനായി പോലിസ് സാംപിള്‍ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്കയച്ചു. ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അവിഹിത ഗര്‍ഭത്തെ തുടര്‍ന്നുള്ള മാനഹാനി ഭയന്നാണ് കുഞ്ഞിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തില്‍ മാതൃ സഹോദരന്‍ വിളഞ്ഞിപ്പുലാന്‍ ശിഹാബി(26)നെ മലപ്പുറം പോലിസ് പിടികൂടിയിരുന്നു. താനാണ് കൃത്യം നടത്തിയതെന്ന് ശിഹാബ് വ്യക്തമാക്കിയതായി പോലിസ് അറിയിച്ചു. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ മാതാവ് നബീല(29)യെ വരുന്ന ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്ന് മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടോയെന്നും അന്വേഷിക്കും. രണ്ടു വര്‍ഷത്തോളമായി ഭര്‍ത്താവുമായി അകന്നു കഴിയുന്ന നബീല ചെലൂരിലെ സ്വന്തം വീട്ടിലാണ് താമസം. അവിഹിതമായി ഗര്‍ഭമുണ്ടാപ്പോള്‍ പുറത്തറിയിച്ചിരുന്നില്ല. ബെല്‍റ്റിട്ടും മറ്റ് വസ്ത്രങ്ങള്‍ കൊണ്ട് കെട്ടിയും മറച്ചുവച്ചു. ഞായറാഴ്ച ഉച്ചയ്ക്കാണ് നബീല വീട്ടിലെ ടോയ്‌ലറ്റില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് സഹോദരന്‍ ശിഹാബിനെ വിവരം അറിയിച്ചു. സഹോദരന്‍ മാനഹാനി ഭയന്ന് വൈകീട്ട് നാലോടെ വീട്ടിനുള്ളില്‍ വച്ച് നബീലയുടെ സമ്മതത്തോടെ കുഞ്ഞിനെ കത്തിയുപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തിയെന്നാണു പോലിസ് പറയുന്നത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കുഞ്ഞിന്റെ തലയും ശരീരവും രണ്ടായി മുറിച്ച് മാറ്റി. തല കട്ടിലിലെ തലയിണയുടെ കവറിനുളിലാക്കി. ശരീര ഭാഗം വരിഞ്ഞുകെട്ടി രണ്ടും ചേര്‍ത്ത് ചാക്കിലാക്കി കട്ടിലിനടിയില്‍ സൂക്ഷിച്ചു. രാത്രിയോടെ പുറത്തുകൊണ്ടുപോയി വലിച്ചെറിയാനായിരുന്നു ശ്രമം. എന്നാല്‍, സംഭവം പുറത്തറിഞ്ഞതോടെ ഇവരുടെ നീക്കങ്ങള്‍ പാളി. കുഞ്ഞിന്റെ കരച്ചില്‍ കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും വീട്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. മലപ്പുറം പോലിസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കട്ടിലിനടിയില്‍ ചാക്കില്‍ കുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി പോലിസ് ഇവരുടെ വീടിന്റെ ടെറസിന് മുകളില്‍നിന്ന് കണ്ടെത്തി. തുടര്‍ന്ന് ശിഹാബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശിഹാബിനെ കൂട്ടി ഇന്നലെ മലപ്പുറം പോലിസ് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്നലെ വൈകീട്ട് കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top