നവകേരള നിര്‍മിതിക്കായി വയനാട് 2.54 കോടി സമാഹരിച്ചു

കല്‍പ്പറ്റ: നവകേരള പുനര്‍ നിര്‍മിതിക്കായി വയനാട്ടില്‍ നിന്ന് ഇതുവരെ സമാഹരിച്ചത് 2,54,78,021 രൂപ. വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍, കൂടാതെ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് വരെ സമാഹരിച്ച തുകയാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായി ജില്ലാ കലക്ടറേറ്റില്‍ ഇതുവരെ ലഭിച്ചത് 1,41,87,870 രൂപയായിരുന്നു. ഇതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ സപ്തംബര്‍ 10 മുതല്‍ 15 വരെ നടത്തിയ ധനസമാഹരണ യജ്ഞത്തിലൂടെയാണു ബാക്കി തുകയായ 1,12,90,151 രൂപ സമാഹരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സമാഹരിച്ച തുക ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഏറ്റുവാങ്ങി.
നിയോജക മണ്ഡലാടിസ്ഥാനത്തില്‍ മാനന്തവാടി ഗാന്ധിപാര്‍ക്ക്, സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഹാള്‍, കല്‍പ്പറ്റ ജില്ലാ ആസൂത്രണ ഭവന്‍ എപിജെ ഹാള്‍ എന്നിവിടങ്ങളിലായിരുന്നു വിഭവ സമാഹരണം. ജില്ലാതല ഉദ്ഘാടനം രാവിലെ 10ന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടന്നു.
മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ആദ്യ തുകയായി 4.96 ലക്ഷം രൂപ മാനന്തവാടി നഗരസഭാ ഉപാധ്യക്ഷ ശോഭാ രാജന്‍, സ്ഥിരം സമിതിയംഗം പി ടി ബിജു എന്നിവരില്‍ നിന്നു സ്വീകരിച്ചു.
തുടര്‍ന്ന് മാനന്തവാടി നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് ഭാരവാഹികള്‍ സമാഹരിച്ച തുകകള്‍ മന്ത്രിക്കു കൈമാറി.
തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് എട്ടു ലക്ഷം, തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് 7.27 ലക്ഷം, തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്ത് 1.20 ലക്ഷം, വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് 6.50 ലക്ഷം, എടവക ഗ്രാമപ്പഞ്ചായത്ത് 5.24 ലക്ഷം എന്നിങ്ങനെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ചു നല്‍കി. കൂടാതെ വിവിധ വ്യക്തികളും സംഘടനകളും തുക കൈമാറി. മാനന്തവാടി നിയോജക മണ്ഡലത്തില്‍ നിന്ന് ആകെ സമാഹരിച്ച തുക 33,23,775 രൂപയാണ്.
സുല്‍ത്താന്‍ ബത്തേരി നഗരസഭാ ഹാളില്‍ നടന്ന പരിപാടിയില്‍ മുമ്പു നല്‍കിയ എട്ട് ലക്ഷത്തിനു പുറമെ സുല്‍ത്താന്‍ ബത്തേരി നഗരസഭ 27,500 രൂപയും മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് 18,650, പുല്‍പ്പള്ളി ഗ്രാമപ്പഞ്ചായത്ത് 5,95, 130, നെന്‍മേനി ഗ്രാമപ്പഞ്ചായത്ത് 8,63,393, അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്ത് 3,89,367, മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് 9,90,361, പൂതാടി ഗ്രാമപ്പഞ്ചായത്ത് എട്ടു ലക്ഷം, നൂല്‍പ്പുഴ 7,21,563 എന്നിങ്ങനെയും കൈമാറി.

RELATED STORIES

Share it
Top