നവകേരള നിര്‍മിതിക്കായി ഫാത്തിമാ ബിസ്മിയുടെ പുരസ്‌കാരത്തുകയും

കോഴിക്കോട്: പ്രളയക്കെടുതിയില്‍ വലയുന്ന സഹജീവികളെ സഹായിക്കാനായി പയമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികളില്‍ നിന്നുള്ള ധനസമാഹരണത്തിന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ ഫാത്തിമാ ബിസ്മി തനിക്ക് ലഭിച്ച പിവികെ കടമ്പേരി സ്മാരക പുരസ്‌കാര തുകയായ 10000 രൂപ സംഭാവന നല്‍കി. സെറിബ്രല്‍ പാല്‍സി ബാധിച്ച സഹപാഠിയെ ഒന്നാം ക്ലാസ് മുതല്‍ സ്‌നേഹത്തോടെ പരിപാലിച്ച് മാനവസ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി മാറിയ ബിസ്മിയും കുടുംബവും നവകേരള നിര്‍മിതിക്കായി ഒരുമിക്കാം എന്ന സന്ദേശം ഉള്‍ക്കൊണ്ടാണ് അവാര്‍ഡ് തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. കക്കോടി പടിഞ്ഞാറ്റുംമുറിയിലെ അടുപ്പ് നിര്‍മാണ തൊഴിലാളിയായ പുതങ്ങര മുഹമ്മദാലിയുടെയും നസീമയുടെയും മകളാണ് ഫാത്തിമ ബിസ്മി. സ്‌കൂള്‍ അസംബ്ലിയില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് പ്രിന്‍സിപ്പല്‍ കെ സഫിയ, പ്രധാനാധ്യാപകന്‍ ചന്ദ്രഹാസന്‍ കെ കെ, പിടിഎ പ്രസിഡന്റ് പ്രേംരാജ് കെ, എംപിടിഎ ചെയര്‍പേഴ്‌സണ്‍ പ്രബിഷ എന്നിവര്‍ ചേര്‍ന്ന് ബിസ്മിയുടെ സംഭാവന ഏറ്റുവാങ്ങി. ഫാത്തിമ ബിസ്മി ഉള്‍പ്പെടെയുള്ള സ്‌കൂള്‍ പ്രതിനിധി സംഘം ഒന്നാം ഘട്ട ദുരിതാശ്വാസത്തിലേക്കുള്ള വിഹിതം ജില്ലാകലക്ടര്‍ക്ക് ഉടന്‍ കൈമാറും.
RELATED STORIES

Share it
Top