നവകേരള നിര്‍മാണത്തിനായി ജില്ലയില്‍ വിഭവ സമാഹരണം

കണ്ണൂര്‍: പ്രളയം തകര്‍ത്ത കേരളത്തെ പുനര്‍നിര്‍മിക്കുന്നതിന് ഈമാസം 10 മുതല്‍ 15 വരെ ജില്ലയിലെ 20 കേന്ദ്രങ്ങളില്‍ വിഭവസമാഹരണ യജ്ഞം സംഘടിപ്പിക്കുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. ഒരുദിവസം പരമാവധി നാലു പരിപാടികള്‍ എന്ന രീതിയിലാണ് ധനസമാഹരണം സംഘടിപ്പിക്കുക. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ കെ ശൈലജ എന്നിവര്‍ നേതൃത്വം നല്‍കും. മൂന്നോ അതിലേറെയോ തദ്ദേശസ്ഥാപനങ്ങള്‍ക്കു വേണ്ടി നിശ്ചയിക്കപ്പെട്ട കേന്ദ്രത്തിലാവും സമാഹരണം. പരിപാടി നടക്കുന്ന തദ്ദേശസ്ഥാപനത്തിനായിരിക്കും നടത്തിപ്പ് ചുമതല. ഇതുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തിനകം തദ്ദേശ സ്ഥാപന തലത്തില്‍ ആലോചനാ യോഗം ചേരണം. വിഭവസമാഹരണ കേന്ദ്രമുള്ള സ്ഥലമുള്‍ക്കൊള്ളുന്ന തദ്ദേശസ്ഥാപനം പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ തദ്ദേശസ്ഥാപന പ്രതിനിധികളെയും പങ്കെടുപ്പിച്ച് മറ്റൊരു യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തണം. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍, റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയ പുനര്‍നിര്‍മിക്കാന്‍ ചുരുങ്ങിയത് 30,000 കോടി രൂപ വേണ്ടിവരുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. നാം ഓരോരുത്തരും പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാല്‍ മാത്രമേ ആവശ്യമായ ഫണ്ട് കണ്ടെത്താനാവൂ. എന്റെ ഒരു മാസം കേരളത്തിന് എന്ന പദ്ധതി കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് ആദ്യം ആരംഭിച്ചത്. ജില്ലാ കലക്ടര്‍ കൊണ്ടുവന്ന പദ്ധതി സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കുകയായിരുന്നു. സംഭാവന സംബന്ധിച്ച സമ്മതപത്രം ഈമാസം 10 മുതല്‍ നടക്കുന്ന വിഭവസമാഹരണ വേളയില്‍ ഓരോ വകുപ്പ് മേധാവിയും സമര്‍പ്പിക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ, സഹകരണ-സ്വകാര്യ സ്ഥാപന ജീവനക്കാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം നവകേരള സൃഷ്ടിക്കായി സമര്‍പ്പിക്കണം. പഞ്ചായത്ത് തലത്തില്‍ ബിസിനസ്-വ്യവസായ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമ്പത്തിക ശേഷിയുള്ള വ്യക്തികള്‍, ആദായ നികുതി നല്‍കുന്നവര്‍, റസിഡന്‍സ് അസോസിയേഷനുകള്‍, പ്രാദേശിക കൂട്ടായ്മകള്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍, മേയര്‍ ഇ പി ലത, എംഎല്‍എമാരായ സി കൃഷ്ണന്‍, കെ സി ജോസഫ്, ജെയിംസ് മാത്യു, സണ്ണി ജോസഫ്, ടി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി സംസാരിച്ചു. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വകുപ്പുമേധാവികള്‍ പങ്കെടുത്തു.

RELATED STORIES

Share it
Top