നവകേരള എക്‌സ്പ്രസ് പര്യടനം ആരംഭിച്ചുകോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയിട്ടുളള പ്രദര്‍ശന വാഹനം നവകേരള എക്‌സ്പ്രസ് ജില്ലയില്‍ പര്യടനം ആരംഭിച്ചു.വൈക്കം ബോട്ടുജെട്ടിയില്‍ രാവിലെ 10.30 ന് സി കെ ആശ എംഎല്‍എ പര്യടനം ഫഌഗ് ഓഫ് ചെയ്തു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ കെ അബ്ദുള്‍ റഷീദ്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ശ്രീകല കെ ബി, വൈക്കം ബ്ലോക്ക് വനിത വികസന ഓഫിസര്‍ എം കെ സുമ, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരായ ബിജുമോന്‍ മാത്യു, റോമി, മേരി ബെനിജ സംബന്ധിച്ചു. സര്‍ക്കാരിന്റെ വികസന ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കടമ്പനാട് ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം കലാപരിപാടികള്‍ അവതരിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം വിവിധ മേഖലകളില്‍ നടത്തിയിട്ടുളള മുന്നേറ്റങ്ങളുടെ നേര്‍ക്കാഴ്ച ഒരുക്കുന്ന ചിത്രപ്രദര്‍ശനം, വീഡിയോ പ്രദര്‍ശനം എന്നിവ ഒരുക്കിയിട്ടുള്ള വാഹനം  മൂന്ന് ദിവസം ജില്ലയില്‍ പര്യടനം നടത്തും. ഇന്നലെ തലയോലപറമ്പ്, കുറുപ്പന്തറ, കുറവിലങ്ങാട്, പാല എന്നിവിടങ്ങളിലും പ്രദര്‍ശനവും കലാപരിപാടികളും നടത്തി. ഇന്ന്  ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, പാമ്പാടി, കറുകച്ചാല്‍ എന്നിവിടങ്ങളിലും നാളെ പെരുന്ന, കോട്ടയം, കുമരകം, മെഡിക്കല്‍കോളജ്, ഏറ്റമാനൂര്‍ എന്നിവിടങ്ങളിലും വാഹനം പര്യടനം നടത്തും.

RELATED STORIES

Share it
Top