നവകേരളം പ്രകൃതിയെ മറക്കരുത്

രാഷ്ട്രീയ കേരളം - എച്ച് സുധീര്‍
ബ്രിട്ടിഷുകാരനായ ഒരു ഉദ്യോഗസ്ഥന്‍ ഒരിക്കല്‍ മഹാത്മാ ഗാന്ധിയോട് ചോദിച്ചു: ''ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം തന്നാല്‍ ഓരോ ഇംഗ്ലീഷുകാരനും ജീവിക്കുന്ന മികച്ച ജീവിതരീതിക്ക് സമാനമായി ഇന്ത്യക്കാര്‍ക്ക് ജീവിക്കാനാവുമോ?'' ഗാന്ധിജി പറഞ്ഞു: ''ബ്രിട്ടനെ പോലൊരു ചെറിയ രാജ്യത്തിനു സര്‍വ സൗഭാഗ്യങ്ങളോടെയും കഴിയാന്‍ ഇന്ത്യയെപ്പോലൊരു മഹാ രാജ്യത്തെ കൊള്ളയടിക്കേണ്ടിവന്നു. അപ്പോള്‍ ബ്രിട്ടനേക്കാള്‍ വലിയ രാജ്യമായ ഇന്ത്യക്ക് നിങ്ങളെപ്പോലെ ജീവിക്കണമെങ്കില്‍ എത്ര വലിയ രാജ്യങ്ങള്‍ കൊള്ളയടിക്കേണ്ടിവരും!'' വെള്ളക്കാര്‍ ഇന്ത്യയുടെ പ്രകൃതിസമ്പത്ത് ചൂഷണം ചെയ്തതിന്റെ ആഴം എത്രത്തോളമെന്ന് വ്യക്തമാക്കുന്നതാണ് ഗാന്ധിജിയുടെ ഈ മറുപടി. വിദേശ ശക്തികള്‍ ഇന്ത്യ വിട്ടു പോയെങ്കിലും അവര്‍ അനുവര്‍ത്തിച്ചുപോന്ന പ്രകൃതിചൂഷണം ഇന്നും യഥേഷ്ടം തുടരുകയാണ്. രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളെ ചൂഷണം ചെയ്യുന്ന കോര്‍പറേറ്റ് മാഫിയകള്‍ക്ക് പട്ടും പരവതാനിയും വിരിച്ചുനല്‍കുകയാണ് രാജ്യത്തെ ഭരണകൂടങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വേര്‍പെടുത്താനാവാത്ത ബന്ധത്തെ ചൂഷണം ചെയ്താണ് ഇക്കൂട്ടര്‍ വികസന പാതയിലേക്കു നീങ്ങിയത്. ചൂഷണം അതിരുകടന്നതോടെ പരിസ്ഥിതി രാഷ്ട്രീയമെന്ന ആശയവും ഉയര്‍ന്നുവന്നു. എന്നാല്‍, ഇതിന്റെ വക്താക്കളായ യഥാര്‍ഥ പരിസ്ഥിതിസ്‌നേഹികളെ വികസനവിരുദ്ധവും വ്യവസായവിരുദ്ധവുമെന്ന് മുദ്രകുത്തി അരികുവല്‍ക്കരിച്ചു. ഇതിനു ഭരണകൂടങ്ങളും ഒത്താശ ചെയ്തതോടെ ചൂഷക വര്‍ഗം സര്‍വവ്യാപിയായി മാറി. ഇത്തരത്തില്‍ പ്രകൃതിക്കു മേലുള്ള കടന്നുകയറ്റം അതിരുവിട്ടതോടെ പ്രകൃതിയും അതിന്റെ രൗദ്രഭാവം പുറത്തെടുത്തുതുടങ്ങി. ഐക്യരാഷ്ട്രസഭയുടെ പൈതൃക സംരക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ട പശ്ചിമഘട്ട മലനിരകള്‍ ഉള്‍ക്കൊള്ളുന്ന കേരളം പ്രളയക്കെടുതിയില്‍ മുങ്ങിത്താഴാന്‍ ഇടയാക്കിയതും പ്രകൃതിചൂഷണത്തിന്റെ പരിണിതഫലമാണ്. കൊടുങ്കാറ്റിന്റെയും പ്രളയത്തിന്റെയും മറ്റു പ്രകൃതിക്ഷോഭങ്ങളുടെയും രൂപത്തില്‍ പ്രകൃതി പ്രതിരോധം തീര്‍ത്തതോടെ അടുത്തിടെ എക്കാലത്തെയും വലിയ മഹാ ദുരന്തത്തിനാണ് കേരളം സാക്ഷിയായത്. കഴിഞ്ഞ മാസം ഉണ്ടായ മഹാ പ്രളയത്തില്‍ 981 വില്ലേജുകളിലായി 55 ലക്ഷത്തോളം പേര്‍ ദുരന്തത്തിന് ഇരയായി. 483 പേര്‍ മരിച്ചു. 14 പേരെ കാണാതായി. 140 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 3,91,494 കുടുംബങ്ങളില്‍ നിന്നായി 14,50,707 പേരെ 3879 ദുരിതാശ്വാസ ക്യാംപുകളില്‍ പാര്‍പ്പിച്ചതായും കഴിഞ്ഞ ദിവസം നിയമസഭയില്‍ സമര്‍പ്പിച്ച കണക്കില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ഭൂരിഭാഗം ജില്ലകളെയും വിഴുങ്ങിയ പ്രളയത്തെ അതിജീവിക്കാന്‍ നവകേരളമെന്ന ആശയവുമായി എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. ഇതിനായുള്ള ധനസമാഹരണത്തിനു മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും ഗള്‍ഫ് നാടുകളിലേക്ക് അയക്കും. ലോക കേരള സഭ വഴി പ്രവാസികളില്‍ നിന്നു വിഭവ സമാഹരണം നടത്തും. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സംഘടനകളുടെ സഹായത്തോടെയാവും ധനശേഖരണം നടത്തുകയെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രഖ്യാപിത നയങ്ങള്‍ പ്രകാരം പൂര്‍ണമായും പരിസ്ഥിതിസൗഹൃദപരമായ നടപടികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളിലുള്ളത്. ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമയോടെയാണ് ഇതിനായി നീങ്ങുന്നത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഓരോ അഞ്ചു വര്‍ഷം കഴിയുമ്പോഴും ഇടതു വലതു മുന്നണികള്‍ മാറിമാറിയാണ് ഭരണം കൈയാളുന്നത്. ഇരുകൂട്ടരും പരിസ്ഥിതിവിരുദ്ധമായ നിരവധി നിയമ ഭേദഗതികള്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ അതതു കാലഘട്ടങ്ങളില്‍ കൊണ്ടുവന്നിട്ടുമുണ്ട്. നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇത്തരത്തില്‍ കൊണ്ടുവന്ന ഒന്നാണ് നെല്‍വയല്‍-തണ്ണീര്‍ത്തട നിയമ ഭേദഗതി. പ്രതിപക്ഷ എതിര്‍പ്പിനെ മറികടന്നാണ് സര്‍ക്കാര്‍ ഈ ബില്ല് പാസാക്കിയത്. കേരള നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് ഈ ദിവസത്തെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. സ്വകാര്യ ആവശ്യങ്ങള്‍ക്കും ഭാവിയില്‍ നിലം നികത്താന്‍ അവസരം നല്‍കുന്ന ഭേദഗതികളാണ് ബില്ലിനെ വിവാദമാക്കിയത്. പ്രളയക്കെടുതിയുടെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിച്ച കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ഇപ്പോഴും വെള്ളക്കെട്ട് ഒഴിയാത്തതിനു കാരണം വെള്ളത്തിന് ഇറങ്ങിപ്പോകാന്‍ പാടശേഖരങ്ങളോ ചതുപ്പുനിലങ്ങളോ ഇല്ലാത്തതാണെന്ന് പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. കോഴിക്കോട് ജില്ലയിലെ അതീവ പരിസ്ഥിതിലോല പ്രദേശത്ത് പി വി അന്‍വര്‍ എംഎല്‍എ അനധികൃതമായി കെട്ടിപ്പൊക്കിയ പാര്‍ക്കിന്റെ ചുറ്റുപാടുകളില്‍ ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുകയാണ്. ഇടുക്കിയിലെ മൂന്നാര്‍ പോലുള്ള അതീവ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിലവിലെ സിപിഎം എംഎല്‍എയായ രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും നടന്നുവരുന്നു. ഇതിനെതിരേ നിലപാട് എടുത്ത സബ് കലക്ടറായ ശ്രീറാമിനെ സ്ഥലം മാറ്റി കൈയേറ്റത്തെ പിന്തുണയ്ക്കുന്ന സമീപനം സര്‍ക്കാര്‍ എടുത്തു. മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരേ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ടും സമാന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നു. ഇത്തരത്തില്‍ ഭരണത്തിന്റെ മറവില്‍ ചെയ്തുകൂട്ടിയ പിഴവുകളും വീഴ്ചകളും പുനഃപരിശോധിച്ചു തിരുത്തല്‍ വരുത്തിയെങ്കില്‍ മാത്രമേ നവകേരളമെന്ന പിണറായി സര്‍ക്കാരിന്റെ ആശയം പൂര്‍ണ തോതില്‍ വിജയിക്കൂ. പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസന പദ്ധതികള്‍ ഒഴിവാക്കി കേരളത്തെ പുനര്‍നിര്‍മിക്കണമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫ. മാധവ് ഗാഡ്ഗിലിന്റെ നിര്‍ദേശം ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. വികസന പദ്ധതികളിലും പരിസ്ഥിതി സംരക്ഷണത്തിലും ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്നും അദ്ദേഹം വാദിക്കുന്നു. പ്രളയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനം പതിവു വിമര്‍ശനത്തിലും ബഹളത്തിലും മുങ്ങിയില്ലെന്നത് ആശ്വാസകരമാണ്. എന്നിരുന്നാലും 'പ്രളയം സര്‍ക്കാരിന്റെ സൃഷ്ടി' എന്നതു മുതല്‍ 'ദുരിതാശ്വാസനിധി ചെലവിടുന്നതിലെ സുതാര്യത' വരെ പ്രതിപക്ഷം ഉന്നയിച്ചു. സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിനു യോജിച്ചുനില്‍ക്കണമെന്ന സര്‍ക്കാരിന്റെ ആഹ്വാനത്തിന്, തങ്ങള്‍ അക്കാര്യത്തില്‍ ഒരടി മുന്നില്‍ ഉണ്ടാവുമെന്നും പ്രതിപക്ഷം ഉറപ്പു നല്‍കി. ജനവികാരം മനസ്സിലാക്കിയതു കൊണ്ടാവാം രാഷ്ട്രീയച്ചൂടില്‍ മുങ്ങാതെ നേര്‍ദിശയിലേക്കാണ് ചര്‍ച്ച പോയത്. എല്ലാ വിഷയത്തിലും വാളെടുക്കുന്ന മുഖ്യമന്ത്രിയാവട്ടെ സമവായത്തിന്റെ സ്വരത്തിലാണ് പ്രമേയം അവതരിപ്പിച്ചതും. തിരഞ്ഞെടുപ്പുകള്‍ പടിവാതില്‍ക്കല്‍ എത്തിയതോടെ ഭരണം നിയന്ത്രിക്കുന്ന സിപിഎമ്മിനു നവകേരളം എന്നത് നിര്‍ണായക വിഷയമാണ്. ഇതിനുള്ള നീക്കങ്ങളുമായി ഭരണപക്ഷം മുന്നോട്ടുപോവുമ്പോള്‍ വീഴ്ചകള്‍ തുറന്നുകാട്ടേണ്ടത് പ്രതിപക്ഷത്തിന്റെ ചുമതലയാണ്. എന്നാല്‍, ഇക്കാര്യത്തില്‍ തങ്ങളുടെ റോള്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ടോയെന്ന ആത്മപരിശോധന ഇനിയെങ്കിലും പ്രതിപക്ഷം നടത്തേണ്ടതുണ്ട്. കോര്‍പറേറ്റുകള്‍ക്കും ഭൂമാഫിയകള്‍ക്കും സഹായകമാവുന്ന തരത്തില്‍ ഭേദഗതി ചെയ്തിട്ടുള്ള പരിസ്ഥിതി നിയമങ്ങള്‍, ഇളവുകള്‍, നേതാക്കള്‍ പ്രതിസ്ഥാനത്തുള്ള കൈയേറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പുനഃപരിശോധന നടത്താന്‍ ഭരണകൂടം ഇനിയെങ്കിലും തയ്യാറാവണം. നവകേരള നിര്‍മാണത്തിനു സര്‍ക്കാരിനൊപ്പം നില്‍ക്കുന്ന പ്രതിപക്ഷം തുറന്നുകാട്ടേണ്ടതും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഇത്തരം വീഴ്ചകളാണ്. എന്നാല്‍, ഇത്തരം വീഴ്ചകളെ മനഃപൂര്‍വം വിസ്മരിച്ച്, ഡാമുകള്‍ തുറന്നതും മുന്നറിയിപ്പുകള്‍ വൈകിയതും മൂലമുണ്ടായ മനുഷ്യസൃഷ്ടിയാണ് പ്രളയത്തിന് അടിസ്ഥാനമെന്ന തരത്തിലുള്ള മണ്ടന്‍ ന്യായങ്ങള്‍ നിരത്തി കര്‍ത്തവ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയല്ല ഉത്തരവാദിത്തബോധമുള്ള പ്രതിപക്ഷം ചെയ്യേണ്ടത്. ഇത്രയും വലിയ ദുരന്തത്തിനിടയിലും കേരളത്തോട് ചിറ്റമ്മനയം തുടരുന്ന കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെതിരേ ഭരണകക്ഷിക്കൊപ്പം നിന്നു പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരേണ്ടതും കോണ്‍ഗ്രസ്സാണ്. ദേശീയ രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സിനു കൂടുതല്‍ ഇടപെടലുകള്‍ നടത്താനുമാവും. ി

RELATED STORIES

Share it
Top