നഴ്‌സുമാര്‍ സമരം പിന്‍വലിച്ചു

തിരുവനന്തപുരം: നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം സംബന്ധിച്ച അവസാന വിജ്ഞാപനം ഈ മാസം 31ന് മുമ്പ് പുറപ്പെടുവിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതേത്തുടര്‍ന്ന് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്നു മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു.
ശമ്പളപരിഷ്‌കരണത്തിന്റെ കരടു വിജ്ഞാപനം 2017 നവംബര്‍ 16നാണ് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. സുപ്രിംകോടതി നിയോഗിച്ച കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപ ഉറപ്പുവരുത്തിക്കൊണ്ടാണ് ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നത്.
സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സംഘടനാ പ്രതിനിധികളുമായി സര്‍ക്കാര്‍ നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലെടുത്ത തീരുമാനപ്രകാരമാണ് വേതനപരിഷ്‌കരണം നടപ്പാക്കുന്നത്. ചേര്‍ത്തല കെവിഎം ആശുപത്രിയിലെ പ്രശ്‌നം പരിഹരിക്കുന്നതിന് ലേബര്‍ കമ്മീഷണര്‍ ഇന്നു സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നുണ്ട്. മിനിമം വേജസ് കമ്മിറ്റി ഇന്നുതന്നെ യോഗം ചേര്‍ന്ന് വേതന പരിഷ്‌കരണത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
യോഗത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍ പങ്കെടുത്തു.
യോഗതീരുമാനങ്ങള്‍ സമരം പ്രഖ്യാപിച്ച നഴ്‌സസ് സംഘടനാ പ്രതിനിധികളെ സര്‍ക്കാര്‍ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ സമരം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതായി സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കി.
ഏകദേശം 62,000 നഴ്‌സുമാരാണ് ഇന്നു നടക്കാനിരുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്.

RELATED STORIES

Share it
Top