നഴ്‌സുമാര്‍ പണിമുടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ, സഹകരണ ആശുപത്രികളിലെ നഴ്‌സുമാര്‍ ഇന്ന് പണിമുടക്കുന്നു. ചേര്‍ത്തല കെവിഎം ഹോസ്പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കുക, ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ) നേതൃത്വത്തിലാണു 24 മണിക്കൂര്‍ സമരം. കെവിഎം ആശുപത്രിക്കു മുന്നില്‍ നിരാഹാര സമരം അനുഷ്ഠിക്കുന്ന യുഎന്‍എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യവുമായി അരലക്ഷത്തോളം നഴ്‌സുമാര്‍ 15നു ചേര്‍ത്തലയിലെ സമരപ്പന്തലിലെത്തുമെന്നു യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു. നിരാഹാര സമരം ആറു ദിവസം പിന്നിട്ടതോടെ സുജനപാലിന്റെ ആരോഗ്യം കൂടുതല്‍ മോശമായിരിക്കുകയാണ്.
സമരത്തിലിരിക്കുന്ന നഴ്‌സുമാര്‍ പരിശോധിച്ചതില്‍ രക്തസമ്മര്‍ദത്തില്‍ തുടരെ വ്യതിയാനം കണ്ടെത്തി. ഇതുവരെ ജില്ലാ ഭരണകൂടമോ, ആരോഗ്യവകുപ്പ് അധികൃതരോ സുജനപാലിനെ പരിശോധിക്കാനെത്തിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു. കെവിഎം ആശുപത്രിയിലെ നഴ്‌സിങ് സമരം ഇേന്നക്ക് 180 ദിവസം പിന്നിടുകയാണ്. സമാധാനപരമായി സമരം നടത്തിയ നഴ്‌സുമാര്‍, സര്‍ക്കാര്‍ ഇടപെടല്‍ പോലും ഇല്ലാതെ വന്നപ്പോഴാണ് കഴിഞ്ഞ ദിവസം റോഡ് ഉപരോധിച്ചത്. സമരത്തിനു നേരെ പോലിസ് ക്രൂരമര്‍ദനമാണ് അഴിച്ചുവിട്ടത്.
50ലേറെ യുഎന്‍എ പ്രവര്‍ത്തകര്‍ക്കാണു ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റത്. ഇതിനു പുറമെ യുഎന്‍എ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പണിമുടക്കും ചേര്‍ത്തലയിലെ ഐക്യദാര്‍ഢ്യ സംഗമവും ചരിത്രസംഭവമാക്കുന്നതിനാണു യുഎന്‍എ തീരുമാനം.
ഫെബ്രുവരി 12നു സംസ്ഥാനത്തു യുഎന്‍എ യൂനിറ്റുകളുള്ള മുഴുവന്‍ സ്വകാര്യ ആശുപത്രികളിലും ജില്ലാ ലേബര്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും സംസ്ഥാന തൊഴില്‍വകുപ്പ് കമ്മീഷണര്‍ക്കും പണിമുടക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്. ജനുവരി മാസം 28നും 30നുമായി ഇതേ വിഷയത്തില്‍ ആദ്യപടിയെന്നോണം നോട്ടീസ് നല്‍കിയിരുന്നതാണ്. 15ന് രാവിലെ ഏഴു മുതല്‍ 16ന് രാവിലെ ഏഴു വരെയാണ് പണിമുടക്കുന്നതെന്നു യുഎന്‍എ പ്രസിഡന്റ്് രാജേഷ് വര്‍ഗീസ്, സെക്രട്ടറി ബിഎസ് സുബി പറഞ്ഞു. അതേസമയം, നഴ്‌സുമാര്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും പണിമുടക്കുന്ന നഴ്‌സുമാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ പ്രതിനിധികള്‍ പറഞ്ഞു.

RELATED STORIES

Share it
Top