നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് കുവൈത്ത്

തിരുവനന്തപുരം: കുവൈത്തിലേക്ക് നഴ്സുമാര്‍ അടക്കമുള്ള ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി റിക്രൂട്ട് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് കുവൈത്ത്. കുവൈത്തിലെത്തിയ തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.
കുവൈത്ത് സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍സബീഹ്, ആരോഗ്യവകുപ്പ് റിക്രൂട്ട്മെന്റ് ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി മുസ്തഫ അല്‍ റിദ എന്നിവരുമായി മന്ത്രി ടി പി രാമകൃഷ്ണന്‍ ചര്‍ച്ച നടത്തി. ചൊവ്വാഴ്ച തൊഴില്‍ മന്ത്രാലയത്തില്‍ സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍സബീഹിനെ സന്ദര്‍ശിച്ച മന്ത്രി ഒഡെപെക് മുഖേനയുള്ള റിക്രൂട്ട്‌മെന്റ് സാധ്യതകളും റിക്രൂട്ട്മെന്റ് രീതികളും ശ്രദ്ധയില്‍ പെടുത്തി. കുവൈത്തിലേക്ക് നഴ്സുമാരെയും ഇതര വിഭാഗം തൊഴിലാളികളെയും ഒഡെപെക് വഴി റിക്രൂട്ട് ചെയ്യാന്‍ മന്ത്രി ഹിന്ദ് അല്‍സബീഹ്  താല്‍പര്യം പ്രകടിപ്പിച്ചു. തുടര്‍നടപടികള്‍ക്ക് കുവൈത്ത് സര്‍ക്കാരിന്റെ അധീനതയിലുള്ള അല്‍ദുറൈ ഡൊമസ്റ്റിക് റിക്രൂട്ട്മെന്റ് കമ്പനി, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ എന്നിവയെ ചുമതലപ്പെടുത്തി. മലയാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ കണ്ടെത്താനായി മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം കുവൈത്തില്‍ എത്തിയത് അഭിനന്ദനാര്‍ഹമാണെന്ന് ഹിന്ദ് അല്‍സബീഹ് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള തൊഴിലാളികളുടെ മാനവശേഷി വൈദഗ്ധ്യവും മികവും പ്രകീര്‍ത്തിച്ച അവര്‍ കേരളത്തോടുള്ള പ്രത്യേക താല്‍പര്യവും അറിയിച്ചു.
അല്‍ദുറൈ ഡൊമസ്റ്റിക് റിക്രൂട്ട്മെന്റ് കമ്പനി, പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അധികൃതരുമായി മന്ത്രി ചര്‍ച്ച നടത്തി. ഒഡെപെക് വഴി റിക്രൂട്ട് ചെയ്യാന്‍ കഴിയുന്ന നഴ്സുമാരുടെയും മറ്റ് തൊഴിലാളികളുടെയും എണ്ണവും മറ്റു നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. ഡ്രൈവര്‍മാരുടെ റിക്രൂട്ട്മെന്റും ചര്‍ച്ചാവിഷയമായി. സ്വകാര്യ ആശുപത്രികളിലേക്ക് ഒഡെപെക് വഴി നഴ്സുമാരെ നിയമിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു. ചര്‍ച്ച വളരെ ഫലപ്രദവും കേരളത്തിന് ഏറെ ഗുണകരവുമായെന്ന് മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top