നഴ്‌സുമാരുടെ സമരത്തിനിടെ സംഘര്‍ഷം; 15ന് സംസ്ഥാന പണിമുടക്ക്്‌

ചേര്‍ത്തല: ചേര്‍ത്തല കെവിഎം ആശുപത്രിക്കു മുന്നില്‍ നഴ്‌സുമാരുടെ സമരത്തിനിടെ റോഡ് ഉപരോധവും സംഘര്‍ഷവും. സമരം 175 ദിവസം പിന്നിട്ട പശ്ചാത്തലത്തില്‍ നഴ്‌സുമാര്‍ ദേശീയപാത ഉപരോധിച്ചതോടെയാണു സമരം സംഘര്‍ഷത്തില്‍ കലാശിച്ചത്.  ആശുപത്രിക്കു മുന്നില്‍ വൈകീട്ടോടെയാണ് നഴ്‌സുമാര്‍ ദേശീയപാത ഉപരോധിച്ചത്. ഗതാഗതം സ്തംഭിച്ചതോടെ ബലംപ്രയോഗിച്ച് നഴ്‌സുമാരെ നീക്കാന്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നു സംഘര്‍ഷമുണ്ടാവുകയായിരുന്നു. ബഹളത്തിനിടെയാണു ചേര്‍ത്തല ഡിവൈഎസ്പി എ ജി ലാലിനും സിഐ വി പി മോഹന്‍ലാലിനും പരിക്കേറ്റത്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെയാണു മൂന്നു വനിതാ പോലിസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരിക്കേറ്റത്.  അതേസമയം പോലിസ് ലാത്തിച്ചാര്‍ജില്‍ 10 നഴ്‌സുമാര്‍ക്കും പരിക്കുണ്ട്. വനിതാ പോലിസുകാരായ മിനി മോള്‍, ശ്രീവിദ്യ, മഞ്ജുഷ, സീനിയര്‍ സിപിഒ വസന്ത്, സുനില്‍കുമാര്‍, സുരാജ്, സനില്‍, ശരത്‌ലാല്‍ എന്നിവരാണു പരിക്കേറ്റ് ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.  പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്നു യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു. 15നു സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലെയും നഴ്‌സുമാര്‍ പണിമുടക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. വേതന വര്‍ധന ആവശ്യപ്പെട്ടു കെവിഎം ആശുപത്രിയിലെ നഴ്‌സുമാര്‍ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ കീഴിലാണ് മാസങ്ങളായി സമരം നടത്തിവരുന്നത്.

RELATED STORIES

Share it
Top