നഴ്‌സുമാരുടെ വേതനം: മാേനജ്‌മെന്റിന്റെ ഹരജി തള്ളി

കൊച്ചി: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ അടക്കമുള്ള ജീവനക്കാര്‍ക്കു മിനിമം വേതനം ഉറപ്പാക്കി സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ബെഞ്ച് വിധിക്കെതിരേ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. സ്റ്റേ ആവശ്യം സിംഗിള്‍ബെഞ്ച് തള്ളിയതിന് എതിരേ സമര്‍പ്പിച്ച ഹരജിയില്‍ യാതൊരു ഇടപെടലും നടത്താനാവില്ലെന്നു ബെഞ്ച് വ്യക്തമാക്കി. സ്‌റ്റേ നിര്‍ബന്ധമാണെന്നു വ്യക്തമാക്കുന്ന യാതൊന്നും സമര്‍പ്പിക്കാന്‍ അസോസിയേഷന് ആയിട്ടില്ല. അതിനാല്‍ സിംഗിള്‍ബെഞ്ച് വിധിയില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. മിനിമം വേതന നിയമപ്രകാരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചെന്നും ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും നിലപാടു തേടിയ ശേഷമാണ് വിജ്ഞാപനം ഇറക്കിയതെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ എം എസ് ബ്രീസ് വാദിച്ചു. ഇത്തരമൊരു വിജ്ഞാപനം സ്‌റ്റേ ചെയ്യരുതെന്നും അദ്ദേഹം വാദിച്ചു. തുടര്‍ന്നാണു  സ്‌റ്റേ ആവശ്യം തള്ളിയത്. നടപടിക്രമങ്ങളൊന്നും പാലിക്കാതെ കഴിഞ്ഞമാസം 23ന് രാത്രിയിലാണു സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതെന്നു ഹരജിക്കാര്‍ വാദിച്ചു. മിനിമം വേതന നിയമത്തിലെ അഞ്ചാംവകുപ്പ് പാലിക്കാതെയാണു വിജ്ഞാപനം ഇറക്കിയത്. ബെഡിന്റെ എണ്ണത്തിന് അനുസരിച്ച് ആശുപത്രികളെ വേര്‍തിരിക്കാന്‍ മിനിമം വേതനം നിയമപ്രകാരം കഴിയില്ല.
2009ലെ മിനിമം വേതന വ്യവസ്ഥയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഇപ്പോഴും പരിഗണനയിലുണ്ട്. ഡോ. ജഗദീഷ് പ്രസാദ്് കമ്മിറ്റി റിപോര്‍ടില്‍ നടപടികളൊന്നും സ്വീകരിക്കരുതെന്നു 2016 ഫെബ്രുവരിയില്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്ത പോലെയാണ് ശമ്പളം നിശ്ചയിച്ചത്. പുതിയ വിജ്ഞാപന പ്രകാരമുള്ള ശമ്പളം 2017 ഒക്ടോബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്ന വ്യവസ്ഥ നിയമവിരുദ്ധമാണ്. ഇതെല്ലാം പരിഗണിച്ച് വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്നാണു ഹരജിക്കാര്‍ വാദിച്ചത്.
വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍സ് അസോസിയേഷനും ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്റ്റീഷനേഴ്‌സ് അസോസിയേഷനും അസോസിയേഷന്‍ ഓഫ് അഡ്വാന്‍സ്ഡ് സ്‌പെഷ്യാലിറ്റി ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റിയൂ—ഷന്‍സും  യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനും സമര്‍പ്പിച്ച ഹരജികളെല്ലാം വേനലവധിക്ക് ശേഷമാണ് ഇനി ഹൈക്കോടതി പരിഗണിക്കുക.

RELATED STORIES

Share it
Top