നഴ്‌സുമാരുടെ വര്‍ധിപ്പിച്ച ആനുകൂല്യംആവശ്യമായ നടപടി കൈക്കൊള്ളും: മന്ത്രി

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും വര്‍ധിപ്പിച്ച ആനുകൂല്യം കിട്ടുമെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം അംഗീകരിക്കില്ലെന്ന് ഉടമകളാരും പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ ഏതെങ്കിലും എതിരഭിപ്രായങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അങ്ങനെ വന്നാല്‍ അവരുമായി സംസാരിക്കും.
ആശുപത്രി മാനേജ്‌മെന്റുകളും ജീവനക്കാരും ചേര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കണം. എല്ലാ മേഖലയിലെയും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട വേതനം ഉറപ്പുവരുത്താനും അവരുടെ തൊഴില്‍ അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, ശമ്പളം പരിഷ്‌കരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിനെതിരേ ആശുപത്രി മാനേജ്‌മെന്റുകള്‍ രംഗത്തെത്തി. വിജ്ഞാപനത്തിനെതിരേ കോടതിയെ സമീപിക്കുമെന്നു കെപിഎച്ച്എ സംസ്ഥാന സെക്രട്ടറി ഹുസയ്ന്‍ കോയ തങ്ങള്‍ പറഞ്ഞു. ശമ്പളം വര്‍ധിപ്പിച്ചാല്‍ ചികില്‍സാനിരക്ക് വര്‍ധിപ്പിക്കേണ്ടിവരും. ഇതു സാധാരണക്കാരന് താങ്ങാനാവില്ലെന്നും ഹുസയ്ന്‍കോയ തങ്ങള്‍ പറഞ്ഞു.
വിഷയത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ കൈക്കൊള്ളാനായി മാനേജ്‌മെന്റ് പ്രതിനിധികള്‍ നാളെ എറണാകുളത്ത് യോഗം ചേരും. സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കിയാണ് ഇന്നലെ രാത്രി ശമ്പള പരിഷ്‌കരണ ഉത്തരവിറങ്ങിയത്. ശമ്പള വര്‍ധനയ്ക്ക് 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.

RELATED STORIES

Share it
Top