നഴ്‌സുമാരുടെ മിനിമം ശമ്പളം ഭ 20,000; വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: ശമ്പളവര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നടത്തിവന്ന സമരത്തിന് ശുഭപര്യവസാനം. നഴ്‌സുമാരുടെ മിനിമം ശമ്പളം ഇനി 20,000 രൂപ. ഇതുസംബന്ധിച്ച വിജ്ഞാപനം ലേബര്‍ കമ്മീഷണര്‍ എ അലക്‌സാണ്ടര്‍ ഇന്നലെ രാത്രി പുറത്തിറക്കി. കരട് വിജ്ഞാപനത്തില്‍ നിന്ന് അലവന്‍സ് നിരക്കുകള്‍ കുറച്ചു.
ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് ഇന്നു മുതല്‍ നഴ്‌സുമാരുടെ സംഘടനകള്‍ അനിശ്ചിതകാല സമരം ആരംഭിക്കാനിരിക്കെയാണ് എട്ടുമാസം മുമ്പ് തയ്യാറായ കരടു വിജ്ഞാപനം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നലെ തന്നെ സര്‍ക്കാര്‍ പുറത്തിറക്കിയത്. വിജ്ഞാപനമനുസരിച്ച് ഡോക്ടര്‍മാര്‍ ഒഴികെയുള്ള മുഴുവന്‍ ആശുപത്രി ജീവനക്കാരുടെയും ശമ്പളം വര്‍ധിച്ചു. എന്നാല്‍, വിജ്ഞാപനത്തിന്റെ പകര്‍പ്പ് കയ്യില്‍ ലഭിച്ച ശേഷം മാത്രമേ പണിമുടക്ക് പിന്‍വലിക്കുന്നതിനെക്കുറിച്ചു തീരുമാനിക്കൂ എന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. കരട് വിജ്ഞാപനത്തില്‍ നിന്ന് അലവന്‍സുകള്‍ കുറച്ചെന്ന് ആരോപിച്ച്  സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. വിജ്ഞാപനത്തെ നിയമപരമായി നേരിടുമെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് ഭാരവാഹികള്‍ അറിയിച്ചു.
നിലവില്‍ 8,975 രൂപ അടിസ്ഥാന ശമ്പളമുള്ള നഴ്‌സുമാര്‍ക്ക് 20,000 രൂപ അടിസ്ഥാന ശമ്പളം ലഭിക്കും. ഇവര്‍ക്ക് പരമാവധി 50 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. വേതന വര്‍ധനയ്ക്ക് 2017 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യമുണ്ടാവും. ആശുപത്രികളിലെ മറ്റു ജീവനക്കാര്‍ക്ക് 16,000 മുതല്‍ 22,090 രൂപ വരെ അടിസ്ഥാന ശമ്പളവും പരമാവധി 12.5 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ഇതര പാരാമെഡിക്കല്‍ വിഭാഗം ജീവനക്കാര്‍ക്ക് 16,400 രൂപ മുതല്‍ അടിസ്ഥാന ശമ്പളവും പരമാവധി 15 ശതമാനം വരെ അധിക അലവന്‍സും ലഭിക്കും. ആശുപത്രിയിലെ കിടക്കകളുടെ എണ്ണമനുസരിച്ച് പരമാവധി 30,000 രൂപ വരെ ശമ്പളം ലഭ്യമാവും. 7,775 രൂപ അടിസ്ഥാന ശമ്പളം ലഭിച്ചുകൊണ്ടിരിക്കുന്ന പൊതുവിഭാഗത്തിലെ ജീവനക്കാരന് 16,000 രൂപ അടിസ്ഥാന വേതനവും പരമാവധി 2,000 രൂപ വരെ അധിക അലവന്‍സും ലഭിക്കും. 7,825 രൂപ അടിസ്ഥാന ശമ്പളം ലഭിക്കുന്ന പാരാമെഡിക്കല്‍ സ്റ്റാഫിന് കുറഞ്ഞത് 16,400 രൂപ അടിസ്ഥാന വേതനവും പരമാവധി 2,460 രൂപ വരെയുള്ള അധിക അലവന്‍സിനും അര്‍ഹതയുണ്ട്.  കിടക്കകളുടെ അടിസ്ഥാനത്തില്‍ 5 ശതമാനം മുതല്‍ 33 ശതമാനം വരെ ലഭിച്ചിരുന്ന അലവന്‍സുകള്‍ 10 ശതമാനം മുതല്‍ 50 ശതമാനം വരെയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. കിടക്കകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളെ ആറ് കാറ്റഗറികളായി തിരിച്ചു. പത്ത് വര്‍ഷം സര്‍വീസുള്ള എഎന്‍എം നഴ്‌സുമാര്‍ക്കും 20,000 രൂപ ശമ്പളം ലഭിക്കും.
വിജ്ഞാപനം സംബന്ധിച്ച് അവസാന നിമിഷവും ഭരണതലത്തില്‍ ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.

RELATED STORIES

Share it
Top