നഴ്‌സിങ് സീറ്റ് അഴിമതി: 4 പേര്‍ക്കെതിരേ കുറ്റപത്രം

തിരുവനന്തപുരം: ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിലേക്കുള്ള സര്‍ക്കാര്‍ മെറിറ്റ് സീറ്റ് സ്വാശ്രയ മാനേജ്‌മെന്റ് കോളജുകള്‍ക്ക് മറിച്ചുനല്‍കി അഴിമതി നടത്തിയെന്ന കേസില്‍ പ്രവേശന പരീക്ഷാ കമ്മീഷണറടക്കം നാലു പേരെ പ്രതിചേര്‍ത്ത് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നാലു പ്രതികളും ആഗസ്ത് 11ന് ഹാജരാവാന്‍ തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ഡി അജിത് കുമാര്‍ ഉത്തരവിട്ടു. മുന്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ സി കെ വിശ്വനാഥന്‍, മുന്‍ പ്രവേശന പരീക്ഷ (അക്കാദമിക്) ജോയിന്റ് കമ്മീഷണര്‍ രജൂ കൃഷ്ണന്‍, മുന്‍ പ്രവേശന പരീക്ഷ (കംപ്യൂട്ടര്‍) ജോയിന്റ് കമ്മീഷണര്‍ ടി ജി വിജയകുമാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് പി പി അജിത് എന്നിവരാണ് കുറ്റപത്രത്തിലെ ഒന്നു മുതല്‍ നാലു വരെയുള്ള പ്രതികള്‍. അജിത് മുന്‍ വിജിലന്‍സ് ഐജി സുരേന്ദ്രന്റെ ഭാര്യാ സഹോദരനാണ്.
2004ലാണ് കേസിനാസ്പദമായ സംഭവം. പ്രതികള്‍ ഗൂഢാലോചന നടത്തി പ്രോസ്‌പെക്റ്റസിലെ വ്യവസ്ഥകളില്‍ വ്യാജ വിവരങ്ങള്‍ എഴുതിച്ചേര്‍ത്ത് ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിന് കേന്ദ്രീകൃത അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ സ്‌പോട്ട് അഡ്മിഷന്‍ നടത്താതെ അപേക്ഷ ക്ഷണിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് പ്രഫഷനല്‍ ഡിഗ്രി കോഴ്‌സ് അഡ്മിഷനിലേക്കുള്ള ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലെ വ്യവസ്ഥകള്‍ക്കും പ്രോസ്‌പെക്റ്റസിലെ വ്യവസ്ഥകള്‍ക്കും വിരുദ്ധമായി 2004 നവംബര്‍ 24ന് റീ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. 90 ജനറല്‍ മെറിറ്റ് ക്വാട്ടാ സീറ്റുകള്‍ ഒന്നാംപ്രതി മാനേജ്‌മെന്റ് ക്വാട്ടയ്ക്ക് മറിച്ചുനല്‍കി. പ്രതികളുടെ പ്രവൃത്തി മൂലം സംസ്ഥാന ഖജനാവിന് വന്‍ നഷ്ടം സംഭവിച്ചു.
എസ്ഇബിസി വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത 130 സീറ്റുകള്‍ മൂന്നാംപ്രതി മാനേജ്‌മെന്റ് ക്വാട്ടയ്ക്ക് മറിച്ചുനല്‍കി. തന്‍മൂലം 130 വിദ്യാര്‍ഥികള്‍ക്ക് സീറ്റുകള്‍ നഷ്ടമായി. സ്വാശ്രയ മാനേജ്‌മെന്റിന് ലഭിച്ച ഈ സീറ്റുകള്‍, തലവരിപ്പണം വാങ്ങി സ്വാശ്രയ മാനേജ്‌മെന്റ് കോടികള്‍ സമ്പാദിച്ചുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top