നഴ്‌സിങ്, പാരാ മെഡിക്കല്‍, പോളിടെക്‌നിക്: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്റ്- മന്ത്രി

തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട നഴ്‌സിങ്, പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്കും സര്‍ക്കാര്‍, എയ്ഡഡ് പോളിടെക്‌നിക്കുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്റ്റൈപ്പന്റ് നല്‍കുമെന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ ടി ജലീല്‍. നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സ് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് 10,000 രൂപയും പോളിടെക്‌നിക്ക് കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്ക് 6000 രൂപയുമാണ് സ്റ്റൈപ്പന്റ്. വകുപ്പിന്റെ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാന പദ്ധതിയിലൂടെ അര്‍ഹരായ 1000 ഗുണഭോക്താക്കള്‍ക്ക് അരലക്ഷം രൂപവീതം നല്‍കും. മതാധ്യാപകര്‍ക്കും മതപ്രഭാഷകര്‍ക്കും ക്ലാസുകള്‍ നല്‍കാന്‍ ഉതകുന്ന തരത്തിലുള്ള മൈനോരിറ്റി ഡെവലപ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കും. വഖ്ഫ് സ്വത്ത് സംബന്ധിച്ച് മുസ്്‌ലിം അവാന്തര വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് അദാലത്ത് നടത്തും. ഇതിന്റെ ആദ്യഘട്ടം ഏപ്രില്‍ ഒമ്പതിന് നടക്കും.
പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാനാണ് വഖ്ഫ് ബോര്‍ഡില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍, വഖ്ഫ് നിയമ ഭേദഗതി സംസ്ഥാന സര്‍ക്കാരിന് സാധ്യമല്ലെന്ന് പ്രതിപക്ഷത്തെ അഡ്വ. ഉമ്മര്‍ ചൂണ്ടിക്കാട്ടി. വഖ്ഫ് നിയമനങ്ങള്‍ക്കുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിയമനങ്ങള്‍ പിഎസ്്‌സിക്ക് വിട്ടതുവഴി കഴിവും കാര്യക്ഷമതയുമുള്ള മുസ്്‌ലിം യുവതീ യുവാക്കളെ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമാവുമെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്കായി 14 ജില്ലകളില്‍ മല്‍സരപരീക്ഷാ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top