നല്ല ഡോക്ടറാവാന്‍ സഹാനുഭൂതിയുടെ സാമൂഹികബോധം ആവശ്യം: സത്യന്‍ അന്തിക്കാട്ആര്‍പ്പൂക്കര: ഒരു നല്ല ഡോക്ടറാകാന്‍ അക്കാദമിക്ക് ജ്ഞാനത്തിപ്പുറം സഹാനുഭൂതിയുടെ സാമൂഹിക ബോധവും ആവശ്യമാണെന്ന് ചലചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഈ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ വായന വഹിക്കുന്ന പങ്ക് ചെറുതല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കോട്ടയം മെഡിക്കല്‍ കോളജ് യൂനിയന്റെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തില്‍ ആരംഭിച്ച സാഹിത്യ ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൊബൈല്‍ ഫോണ്‍, വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് എന്നിവയുടെ ഉപയോഗം മൂലം വായനാശീലം നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ അടക്കമുള്ള പുതുതലമുറയ്ക്ക് വായനാശീലം പുനര്‍ ജീവിപ്പിക്കാന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കാണിച്ച നവീന ആശയം പൊതുസമൂഹത്തിനു മാതൃകയാണ്. വായന മരിക്കുന്നു എന്നും ഡോക്ടര്‍മാരുടെ പൊതുവിജ്ഞാനം കുറയുന്നു എന്നുള്ള ആക്ഷേപത്തിന് ഒരു പരിഹാരം കൂടിയാണ് സാഹിത്യ ലൈബ്രറി. സിനിമയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ മനസിനെ ശാന്തമാക്കാന്‍ തണുപ്പിക്കുവാന്‍ പുസ്തകങ്ങളുടെ ലോകത്തേക്കാണ് ഞാന്‍ പോകുന്നതെന്നും അന്തിക്കാട് പറഞ്ഞു. അദ്ദേഹം എഴുതിയ ആത്മാവിന്റെ അടിക്കുറിപ്പുകള്‍, ശേഷം വെള്ളിത്തിരയില്‍, ഗ്രാമീണര്‍ എന്നീ പുസ്തകള്‍ ലൈബ്രറിക്കു സമ്മാനിച്ചു. കോളജ് യൂനിയന്‍ ചെയര്‍മാന്‍ രണ്‍ദീപ് വിജയന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോസ് ജോസഫ്, ന്യൂറോ സര്‍ജറി മേധാവി ഡോ. പി കെ ബാലകൃഷ്ണന്‍, നവജീവന്‍ ട്രസ്റ്റി പി യു തോമസ്, ലൈബ്രറി കോഡിനേറ്റര്‍ ഹരീഷ് ബാബു സംസാരിച്ചു. ഒരു പുസ്തകം എന്റെ കോളജിന്  എന്ന പേരില്‍ എട്ടുമാസം നീണ്ടുനിന്ന പ്രയത്‌നത്തിലൂടെയാണ് 650ല്‍ അധികം പുസ്തകങ്ങള്‍ ശേഖരിച്ചത്. വി എസ് അച്യുതാനന്ദന്‍, ആനന്ദനീലകണ്ഠന്‍, ഡോ. ബി ഇക്ബാല്‍, മന്ത്രി തോമസ് ഐസക്, ഡോ. ഷീന അസീസ് എന്നിവര്‍ പുസ്തകങ്ങള്‍ സംഭാവന ചെയ്ത പ്രമുഖരില്‍പെടുന്നു.

RELATED STORIES

Share it
Top