നരോദാപാട്യ കൂട്ടക്കൊല കേസ്; മായാ കോഡ്‌നാനിയെ കുറ്റവിമുക്തയാക്കി

അഹ്മദാബാദ്: 97 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത 2002 ഫെബ്രുവരിയിലെ നരോദാപാട്യ കൂട്ടക്കൊലക്കേസില്‍ ബിജെപി മുന്‍മന്ത്രി മായാ കോഡ്‌നാനിയെയും മറ്റു 17 പ്രതികളെയും ഗുജറാത്ത് ഹൈക്കോടതി വെറുതെവിട്ടു. അതേസമയം, കേസിലെ മറ്റൊരു പ്രതിയും ബജ്‌രംഗ്ദള്‍ നേതാവുമായ ബാബു ബജ്‌രംഗിയുടെ മരണം വരെ ജീവപര്യന്തം ഹൈക്കോടതി ശരിവച്ചു. നിലവില്‍ സബര്‍മതി സെന്‍ട്രല്‍ ജയിലിലാണ് ബാബു ബജ്‌രംഗി.
2012ല്‍ പ്രത്യേക വിചാരണക്കോടതി വിധിച്ച 28 വര്‍ഷത്തെ കഠിനതടവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. കോഡ്‌നാനിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാനായിട്ടില്ലെന്നും അതിനാല്‍ പ്രതിക്ക് സംശയത്തിന്റെ ആനുകൂല്യം നല്‍കുകയാണെന്നും ജസ്റ്റിസുമാരായ ഹര്‍ഷാ ദേവാനി, എ എസ് സുപെഹിയ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസില്‍ പ്രത്യേക വിചാരണക്കോടതി കോഡ്‌നാനി അടക്കം 29 പേര്‍ക്കാണ് തടവുശിക്ഷ വിധിച്ചിരുന്നത്. നിലവില്‍ കോഡ്‌നാനി ജാമ്യത്തിലാണ്.
2002ല്‍ ഗോധ്ര സംഭവത്തിന്റെ പേരു പറഞ്ഞ് മുസ്‌ലിംകള്‍ക്കെതിരേ നടന്ന ഗുജറാത്ത് വംശഹത്യക്കിടെയാണ് ഹിന്ദുത്വര്‍ നരോദാപാട്യയില്‍ കൂട്ടക്കൊല നടത്തിയത്. 2002 ഫെബ്രുവരി 28ന് ആരംഭിച്ച കലാപത്തില്‍ ഏറ്റവും ഭീകരമായ ആക്രമണം നടന്ന സ്ഥലങ്ങളിലൊന്നായിരുന്നു നരോദാഗാവില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള നരോദാപാട്യ. സ്ഥലം എംഎല്‍എയായിരുന്ന കോഡ്‌നാനി സംഭവസമയം അവിടെയെത്തുകയും ആള്‍ക്കൂട്ടത്തെ ആവേശംകൊള്ളിച്ച് മുസ്‌ലിംകളെ കൊല്ലാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. 2012ല്‍ ഇക്കാര്യം സ്ഥിരീകരിച്ച കോടതി, കലാപത്തില്‍ കോഡ്‌നാനിയെ പ്രധാന ഗൂഢാലോചനക്കാരിയായി വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top