നരോദാപാട്യ കൂട്ടക്കൊലക്കേസില്‍ മൂന്നു പേര്‍ക്ക് 10 വര്‍ഷം കഠിന തടവ്അഹ്മദാബാദ്: 97 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത 2002 ഫെബ്രുവരിയിലെ നരോദാപാട്യ കൂട്ടക്കൊലക്കേസില്‍  ഗുജറാത്ത് ഹൈക്കോടതി മൂന്നു പേര്‍ക്ക് 10 വര്‍ഷം കഠിന തടവ് വിധിച്ചു. പി.ജെ. രജപുത്, രാജ്കുമാര്‍ ചൗമാല്‍, ഉമേഷ് ഭര്‍വാദ് എന്നിവര്‍ക്കാണ് ശിക്ഷ. ഇവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ഏപ്രില്‍ 20ന് കോടതി കണ്ടെത്തിയിരുന്നും എന്നാല്‍ ശിക്ഷയുടെ കാര്യത്തില്‍ പ്രത്യേക വിചാരണ വേണമെന്ന് മൂന്നു പേരും ആവശ്യപ്പെട്ടിരുന്നു.
സമൂഹത്തോടു നടത്തിയ ക്രൂരമായ കുറ്റകൃത്യത്തിന് ഉചിതമായ ശിക്ഷ ലഭിക്കണമെന്നു വിധി പറയവേ കോടതി ചൂണ്ടിക്കാട്ടി.
വ്യക്തികള്‍ക്കെതിരെയല്ല, സമൂഹത്തിനെതിരെയായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിതമായ കുറ്റകൃത്യമാണിവര്‍ നടത്തിയതെന്നും കോടതി അഭിപ്രായപ്പെട്ടു. ചെറിയ ശിക്ഷ നല്‍കുന്നത് നീതിന്യായ വ്യവസ്ഥയെ അപഹസിക്കുന്നതിന് തുല്യമായിരിക്കുമെന്നും 10 വര്‍ഷം കഠിന തടവ് ഇവര്‍ അര്‍ഹിക്കുന്ന ശിക്ഷയാണെന്നു ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി. കേസില്‍ പ്രതികളായിരുന്ന ബിജെപി മുന്‍മന്ത്രി മായാ കോഡ്‌നാനിയെയും മറ്റു 17 പ്രതികളെയും ഗുജറാത്ത് ഹൈക്കോടതി നേരത്തേ വെറുതെവിട്ടിരുന്നു. കേസിലെ മറ്റൊരു പ്രതിയും ബജ്‌രംഗ്ദള്‍ നേതാവുമായ ബാബു ബജ്‌രംഗിയുടെ മരണം വരെ ജീവപര്യന്തം ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
കേസില്‍ പ്രത്യേക വിചാരണക്കോടതി കോഡ്‌നാനി അടക്കം 29 പേര്‍ക്കാണ് തടവുശിക്ഷ വിധിച്ചിരുന്നത്. 2002ല്‍ ഗോധ്ര സംഭവത്തിന്റെ പേരു പറഞ്ഞ് മുസ്‌ലിംകള്‍ക്കെതിരേ നടന്ന ഗുജറാത്ത് വംശഹത്യക്കിടെയാണ് ഹിന്ദുത്വര്‍ നരോദാപാട്യയില്‍ കൂട്ടക്കൊല നടത്തിയത്. 2002 ഫെബ്രുവരി 28ന് ആരംഭിച്ച കലാപത്തില്‍ ഏറ്റവും ഭീകരമായ ആക്രമണം നടന്ന സ്ഥലങ്ങളിലൊന്നായിരുന്നു നരോദാഗാവില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള നരോദാപാട്യ.

RELATED STORIES

Share it
Top