നരേന്ദ്ര മോദിയുടെ മൂന്നു വര്‍ഷംമൂന്നു വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കി അടുത്ത പൊതുതിരഞ്ഞെടുപ്പിനു നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. 2019 വരെയുള്ള കാലം സര്‍ക്കാരിന്റെ ജനപ്രിയമുഖം മിനുക്കിയെടുക്കാനായിരിക്കും ഭരണകൂടം ഉപയോഗിക്കുന്നത്. എന്താണ് മൂന്നു വര്‍ഷത്തെ ജനങ്ങളുടെ അനുഭവമെന്നു തിരിഞ്ഞുനോക്കുമ്പോള്‍, സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത് എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയും. സാമ്പത്തികരംഗത്ത് കോര്‍പറേറ്റുകളുടെയും ആഗോള മൂലധനശക്തികളുടെയും താല്‍പര്യങ്ങളാണ് നരേന്ദ്ര മോദി ഭരണകൂടം സംരക്ഷിച്ചത്. മോദി അധികാരത്തിലേറിയ നാള്‍ മുതല്‍ ആരംഭിച്ച വിദേശപര്യടന മഹാമഹം ഇതുവരെ അവസാനിപ്പിച്ചിട്ടില്ല. വിദേശത്തുനിന്ന് നിക്ഷേപം ആകര്‍ഷിക്കാനും അതുവഴി ഉല്‍പാദനരംഗത്ത് കുതിപ്പുണ്ടാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമാണ് സര്‍ക്കാര്‍ പദ്ധതി എന്നായിരുന്നു അവകാശവാദം. പ്രതിവര്‍ഷം ഒരു കോടി പുതിയ തൊഴിലവസരങ്ങള്‍ എന്നായിരുന്നു വാഗ്ദാനം. എന്നാല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ് എന്ന് ഇപ്പോള്‍ ഔദ്യോഗിക കണക്കുകളില്‍നിന്നു തന്നെ വ്യക്തമായിട്ടുണ്ട്. പ്രതീക്ഷിച്ചതിലും എത്രയോ താഴെയാണ് തൊഴില്‍രംഗത്തെ മുന്നേറ്റം. അതിന്റെ അര്‍ഥം, ഇന്നത്തെ വികസന മാതൃകയുടെ മുഖ്യശാപമായ തൊഴില്‍രഹിത വികസനം തന്നെയാണ് ഇവിടെയും നടപ്പായത് എന്നതു തന്നെ. വന്‍തോതിലുള്ള യന്ത്രവല്‍ക്കരണം വഴിയും റോബോട്ടുകള്‍ അടക്കമുള്ള പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചും ഉല്‍പാദനം വര്‍ധിപ്പിക്കുമ്പോള്‍ വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ഇത് ഇന്ത്യയുടെ മാത്രം പ്രശ്‌നമല്ല. അമേരിക്കയില്‍ ഈയിടെ നടന്ന തിരഞ്ഞെടുപ്പില്‍, രാജ്യത്തു വര്‍ധിച്ചുവരുന്ന തൊഴില്‍രാഹിത്യവും സാമ്പത്തിക അരക്ഷിതാവസ്ഥയും മുഖ്യ ചര്‍ച്ചാവിഷയമായിരുന്നു. വിദേശനിക്ഷേപം സുസ്ഥിര വികസനവും സാമൂഹികക്ഷേമവും ഉറപ്പുവരുത്തില്ല എന്നു തീര്‍ച്ചയാണ്. ആഭ്യന്തര തൊഴില്‍മേഖലകള്‍ ശക്തിപ്പെടുത്തണം; പരമ്പരാഗത മേഖലകള്‍ക്ക് ഊന്നല്‍ നല്‍കണം. എന്നാല്‍, ഈ രംഗത്തു തീര്‍ത്തും നിഷേധാത്മകമായ സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. രാജ്യത്തെ പ്രധാന തൊഴില്‍മേഖലയായ കാര്‍ഷികരംഗത്ത് ഏറ്റവും വലിയ തിരിച്ചടിക്കു കാരണമായ നയങ്ങളാണ് ഈ സര്‍ക്കാരിന്റെ രണ്ടു മുഖ്യ സംഭാവനകള്‍. കഴിഞ്ഞ നവംബറില്‍ നോട്ട് നിരോധനത്തിലൂടെ കാര്‍ഷികമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത ആഘാതമാണ് സര്‍ക്കാര്‍ നല്‍കിയത്. പലയിടത്തും സമയത്ത് വിളവിറക്കാന്‍ പറ്റിയില്ല. അസംഘടിത തൊഴിലാളികള്‍ക്കു മാസങ്ങളോളം തൊഴില്‍ നഷ്ടമായി. അതിന്റെ ആഘാതം വിട്ടുമാറുന്നതിനു മുമ്പേ തന്നെ ഉപയോഗശൂന്യമായ കന്നുകാലികളെ വില്‍ക്കാനുള്ള കര്‍ഷകന്റെ അവകാശത്തിനുമേലും മോദി സര്‍ക്കാര്‍ പ്രഹരമേല്‍പിച്ചിരിക്കുകയാണ്. പുതിയ കശാപ്പു നിരോധന ഉത്തരവ് ഏറ്റവും കഠിനമായി ബാധിക്കുക ഉരുക്കളെ വില്‍ക്കാന്‍ സാധിക്കാതെ വരുന്ന കര്‍ഷകരെയാണ്. ചുരുക്കത്തില്‍, രാജ്യത്തെ ഏറ്റവും പ്രയാസമനുഭവിക്കുന്ന വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം മോദിയുടെ മൂന്നു വര്‍ഷം നിരാശാജനകം തന്നെയാണ്.

RELATED STORIES

Share it
Top