നരേന്ദ്രമോദിയുടേത് പ്രച്ഛന്നവേഷം

ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഒക്ടോബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ കവദിയ ഗ്രാമത്തില്‍ നര്‍മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനു മേല്‍ ഉദ്ഘാടനം ചെയ്യാന്‍ പോവുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കൈക്കൊണ്ട തന്ത്രപരമായ നടപടികളിലൂടെ നൂറുകണക്കിന് നാട്ടുരാജ്യങ്ങളെ ഇന്ത്യയുമായി ഏകോപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റേതാണ് പ്രതിമ. പട്ടേലിന്റെ പ്രതിമ സ്ഥാപിക്കുന്നതു വഴി ബിജെപി ശ്രമിക്കുന്നത് രാജ്യത്തിന്റെ ഏകതയുടെ കുത്തകാവകാശം സ്വയം ഏറ്റെടുക്കാനാണ്. 2019ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പട്ടേലിന്റെ പിന്തുടര്‍ച്ച എന്ന അവകാശബോധം ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ; ഗുജറാത്തില്‍ വിശേഷിച്ചും.
സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിനോട് ഹിന്ദുത്വ രാഷ്ട്രീയത്തിന് മമതയുണ്ടെന്ന കാര്യം സുവിദിതമാണ്. പട്ടേലിന്റെ ചില നിലപാടുകള്‍ പ്രസ്തുത മമതയ്ക്കു കാരണമായി ഭവിച്ചിട്ടുമുണ്ടാവും. അതിനാല്‍ പട്ടേലിന്റെ പിന്തുടര്‍ച്ച ഏറ്റെടുക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നത് സാമാന്യമായ പ്രതീക്ഷയ്ക്കപ്പുറത്തല്ല. അതേസമയം, സുഭാഷ് ചന്ദ്രബോസിന്റെ പിന്തുടര്‍ച്ച കൂടി അവകാശപ്പെടുകയാണിപ്പോള്‍ ബിജെപി. നേതാജിയുടെ ആസാദ് ഹിന്ദ് ഗവണ്‍മെന്റിന്റെ 75ാം സ്ഥാപനദിവസത്തില്‍ ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിക്കൊണ്ട് നരേന്ദ്രമോദി നടത്തിയ പ്രകടനം വിരല്‍ചൂണ്ടുന്നത് പാര്‍ട്ടിയുടെ പ്രസ്തുത ലക്ഷ്യങ്ങളിലേക്കാണ്. ഐഎന്‍എ തൊപ്പിയണിഞ്ഞ് ചെങ്കോട്ടയിലെത്തിയ മോദി ഇടയ്ക്ക് വിങ്ങിപ്പൊട്ടി, ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തിന്റെ തൊണ്ടയിടറി. ചുരുക്കത്തില്‍, കക്ഷി നന്നായി അഭിനയിച്ചു. നേതാജിയെ ആദരിക്കുന്ന ബംഗാളി ജനതയെ കൈയിലെടുക്കാനുള്ള ശ്രമമായിരുന്നു അത്. ബംഗാളില്‍ പാര്‍ട്ടിക്ക് സ്വീകാര്യതയുണ്ടാക്കാന്‍ നേതാജിയെ ആയുധമാക്കുക നല്ലൊരു തന്ത്രമാണല്ലോ.
സര്‍ദാര്‍ പട്ടേലിന് ഹൈന്ദവ ആഭിമുഖ്യമുണ്ടായിരുന്നു എന്നതു ശരിതന്നെ. എന്നാല്‍, ഒരിക്കലും അദ്ദേഹം കാവിരാഷ്ട്രീയത്തിന്റെ വിധ്വംസക സമീപനങ്ങളോട് രാജിയായിട്ടില്ല. നേതാജിയുടെ ലോകത്താണെങ്കില്‍, ഒരിക്കലും തീവ്ര ഹിന്ദുത്വം കടന്നുവന്നിട്ടേയില്ല. എന്നാല്‍, ജനമനസ്സില്‍ സ്ഥാനമുറപ്പിച്ച ഇത്തരം നേതാക്കളെ തങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുകയാണ് ബിജെപി. ചിറ്റഗോങ്ങിലേക്ക് നേതാജിയുടെ ആസാദ് ഹിന്ദ് ഫൗജ് മുന്നേറിക്കൊണ്ടിരിക്കുമ്പോള്‍ ബ്രിട്ടിഷ് അധികാരികള്‍ക്കു സേവപിടിക്കുകയായിരുന്നു ഹിന്ദുത്വ രാഷ്ട്രീയക്കാര്‍. അന്നു ബ്രിട്ടിഷ് അധികാരികള്‍ക്കു പിന്തുണ പ്രഖ്യാപിച്ചു കത്തുകളെഴുതിയ വി ഡി സവര്‍ക്കറാണ് മോദിയുടെ ആദര്‍ശപുരുഷന്‍മാരിലൊരാള്‍ എന്നുകൂടി വായിക്കുമ്പോള്‍ മാത്രമേ തീര്‍ത്തും മതേതരവാദിയും രാജ്യസ്‌നേഹിയുമായ നേതാജിയുടെ പിന്തുടര്‍ച്ച ബിജെപിക്ക് എത്രത്തോളമുണ്ട് എന്നു വ്യക്തമാവുകയുള്ളൂ. അതിനാല്‍ മോദി തലയില്‍ വച്ച ഐഎന്‍എ തൊപ്പി അവിടെത്തന്നെയിരിക്കട്ടെ. അതൊരു പ്രച്ഛന്നവേഷമാണെന്നു തിരിച്ചറിയാനുള്ള ബുദ്ധി ഇന്ത്യന്‍ ജനതയ്ക്കുണ്ട്.

RELATED STORIES

Share it
Top