നരിപ്പറ്റ കമ്മായിമലയില്‍ കാട്ടാനശല്യം; വ്യാപകമായി കൃഷി നശിപ്പിച്ചു

നാദാപുരം: നരിപ്പറ്റ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കമ്മായി മലയുടെ താഴ് വാരത്തെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷിനശിപ്പിച്ചു. ഇതോടെ പ്രദേശത്തുള്ള താമസക്കാര്‍ ഭീതിയിലായി. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് ആനക്കൂട്ടമിറങ്ങിയത്. ജനവാസ കേന്ദ്രമായ കുമ്പളച്ചോല അങ്ങാടിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ ദൂരമുള്ള കമ്മായി കുമ്പളച്ചോല റോഡരികിലെ കൃഷിയിടങ്ങളിലാണ് ഇത്തവണ ആനകള്‍ എത്തിയത്. ഇരുപതോളം കൃഷിക്കാരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ കാര്‍ഷിക വിളകള്‍ നശിപ്പിച്ചിട്ടുണ്ട്. തെങ്ങ്, കമുക്, വാഴ, പ്ലാവ് തുടങ്ങിയവയെല്ലാം വ്യാപകമായി നശിപ്പിച്ചു. താഴത്ത് തുണ്ടിയില്‍ അബ്ദുള്ള, തെറ്റയില്‍ അമ്മദ്, കുണ്ടം മഠം അസീസ്, മുറിച്ചാണ്ടി അന്ത്രു, മണ്ണം കണ്ടി ഇബ്രാഹിം, തറോല്‍ കുഞ്ഞബ്ദുല്ല എന്നിവരുടെതാണ് ആനകള്‍ നശിപ്പിച്ച കൃഷി ഭൂമി.
രാത്രിയോടെയാണ് ആനകള്‍ കൂട്ടത്തോടെ റോഡരികിലെ കൃഷിയിടങ്ങളിലേക്ക് എത്തിയത്. വന്യ മൃഗങ്ങളുടെ അക്രമം ഭയന്ന് രാത്രി നേരത്തെ തന്നെ എല്ലാവരും വീടണയുകയാണ് പതിവ്. അതിനാല്‍ തന്നെ പ്രദേശവാസികള്‍ ഇതൊന്നും അറിഞ്ഞില്ല.തിങ്കളാഴ്ച്ച പുലര്‍ച്ചെ കോഴിക്കോട് പോകുന്നതിനായി ബൈക്കില്‍ കക്കട്ട് ഭാാഗത്തേക്ക് വരികയായിരുന്ന യുവാവ് ആനക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപെട്ടത്. ആശുപത്രിയിലും മറ്റും പോകാനുള്ള ആളുകള്‍ പുലര്‍ച്ചെയോടെ റോഡിലെത്തിയപ്പോള്‍ ആനച്ചൂര് അനുഭവപ്പെട്ടിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് ഇവര്‍ ആനകളുടെ മുമ്പില്‍ അകപ്പെടാതിരുന്നത്.
നേരം വെളുത്തതോടെയാണ് ആനകള്‍ കൂട്ടമായി നാട്ടില്‍ ഇറങ്ങിയതായി മനസിലാകുന്നത്. വയനാടന്‍ കാടുകളില്‍ നിന്ന് മാവുള്ളചോല, പുളിയമ്പാറ, എടോനിക്കുന്ന് എന്നിവിടങ്ങളിലൂടെയാണ് ആനകള്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങുന്നത്. കമ്മായി ഭാഗത്ത് വനം വകുപ്പ് ഓഫിസ് തുറന്ന് വാച്ചര്‍മാരെ നിയമിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top