നയം വ്യക്തമാക്കി മുന്നണികള്‍

എ   ജയകുമാര്‍
ചെങ്ങന്നൂര്‍: മെയ് 28ന് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് എന്ന ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതോടെ മുന്നണികളും സ്ഥാനാര്‍ഥികളും തങ്ങളുടെ നയം വ്യക്തമാക്കി രംഗത്തെത്തി. നിലവില്‍ ഇടതുമണ്ഡലമായ ചെങ്ങന്നൂരില്‍ ഉറപ്പായും ജയിക്കാനാവുമെന്നും കഴിഞ്ഞതവണത്തേക്കാള്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്നും ഇടതു സ്ഥാനാര്‍ഥി സജി ചെറിയാന്‍ പറയുന്നു.
പൊതുവേ യുഡിഎഫ് മണ്ഡലമായ ചെങ്ങന്നൂരില്‍ കഴിഞ്ഞതവണയുണ്ടായ കൈത്തെറ്റ് വോട്ടര്‍മാര്‍ തിരുത്തുമെന്നും വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കുമെന്നുമാണ് ഡി വിജയകുമാറിന്റെ പക്ഷം. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ഏറെ മുന്നേറിയിട്ടും എന്‍ഡിഎ കണ്‍വന്‍ഷന്‍ പോലും വിളിച്ചുചേര്‍ക്കാന്‍ ബിജെപിക്കായിട്ടില്ല എങ്കിലും ഇക്കുറി ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ തങ്ങളെ പരിഗണിക്കുമെന്ന് ബിജെപി സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ളയും പറയുന്നു.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 750 കോടിയുടെ വികസന പദ്ധതികള്‍ തുടരുമെന്ന് ഇടുതു സ്ഥാനാര്‍ഥി സജി ചെറിയാന്‍ വ്യക്തമാക്കി. റോഡുകള്‍ക്ക് 320 കോടി അനുവദിച്ചതായും ശബരിമല ഇടത്താവളത്തിന് 20 കോടി വകയിരുത്തിയെ ന്നുമാണ് ഇടതുപക്ഷത്തിന്റെ വാഗ്ദാനം.ചെങ്ങന്നൂരിന്റെ സമഗ്ര വികസനത്തിനായി വികസന അതോറിറ്റി രൂപീകരിച്ച് പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍ വ്യക്തമാക്കി.
കുടിവെള്ളപ്രശ്‌നം ശാശ്വതമായി പരിഹരിക്കും, പാലങ്ങള്‍ പൂര്‍ത്തിയാക്കും, നിര്‍ത്തലാക്കിയ ഉള്‍നാടന്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിക്കും, സ്റ്റേഡിയം പൂര്‍ത്തിയാക്കും, നഗരത്തില്‍ റെയില്‍വേ പാതയ്ക്ക് സമാന്തരമായി റോഡ് നിര്‍മിക്കും, റെയില്‍വേ സ്‌റ്റേഷനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തും, വൈദ്യുതിയും കുടിവെള്ളവും എല്ലാവര്‍ക്കുമെത്തിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കുടിവെള്ള പദ്ധതി വ്യാപകമാക്കുമെന്നും ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പാക്കുമെന്നും ബിജെപിയും വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ, സംസ്ഥാന വിഷയങ്ങള്‍ ഏറെ ചര്‍ച്ചചെയ്യാനുണ്ടെങ്കിലും പ്രാദേശിക വിഷയങ്ങളാണ് സ്ഥാനാര്‍ഥികളും മുന്നണികളും വ്യാപകമായി പ്രചരിപ്പിക്കുന്നത്. മണ്ഡലത്തിലാകെ മൂന്ന് മുന്നണികളും ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ മുതല്‍ ഭവനസന്ദര്‍ശനം, തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍, വിശദീകരണ യോഗങ്ങള്‍, പോസ്റ്റര്‍ പ്രചാരണം, ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ എന്നിവയെല്ലാം നടത്തിയ ശേഷവും തിരഞ്ഞെടുപ്പിനെ കാത്തിരുന്നു എന്ന പുതുചരിത്രവും ഇക്കുറി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുണ്ട്.

RELATED STORIES

Share it
Top