നമ്മുടെ പ്രതിസന്ധിയെക്കുറിച്ച് യുഎഇക്ക് വ്യക്തമായ ധാരണയുണ്ടെന്ന് പിണറായി

തിരുവനന്തപുരം: യുഎഇ ഭരണകൂടത്തിന് നമ്മുടെ പ്രതിസന്ധിയെ കുറിച്ച് വ്യക്തമായ ധാരണകളുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ രണ്ടു കൈയും നീട്ടി സഹായിക്കാന്‍ അവര്‍ ഒരുക്കമാണുതാനും. ദുബയ് കാബിനറ്റ് അഫയേഴ്‌സ് വകുപ്പ് മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവി, അവധിയായിട്ടുകൂടി വെള്ളിയാഴ്ച ദിവസം നമ്മുടെ സംഘത്തെ സ്വീകരിക്കാന്‍ അദ്ദേഹം ഓഫിസിലെത്തിയെന്നത് കേരളത്തോടുള്ള അവരുടെ മമതയാണ് കാണിക്കുന്നത്.
യുഎഇ സര്‍ക്കാര്‍ നമുക്ക് വാഗ്ദാനം ചെയ്ത തുക രഹസ്യമായ ഒരു കാര്യമല്ല. 700 കോടി രൂപയായിരുന്നു ആ വാഗ്ദാനം. ഈ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ നമുക്ക് ഇതിനേക്കാള്‍ വലിയ തുകയുടെ സഹായം ലഭിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. എമിറേറ്റ്‌സ് റെഡ് ക്രസന്റ് ചെയര്‍മാന്‍ ശെയ്ഖ് ഹംദാന്‍ ബിന്‍ സായ്ദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിള്‍ സ്ഥാപനങ്ങളിലൊന്നാണ് എമിറേറ്റ്‌സ് റെഡ് ക്രസന്റ്. ദുരന്തഘട്ടത്തില്‍ തന്നെ റെഡ് ക്രസന്റ് സ്വന്തം നിലയ്ക്ക് കേരളത്തെ സഹായിക്കാന്‍ സംഭാവനകള്‍ സ്വീകരിച്ചിരുന്നു. യുഎഇയുടെ രാഷ്ട്രപിതാവ് ശെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നാമധേയത്തിലുള്ള സായിദ് ചാരിറ്റബിള്‍ ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശെയ്ഖ് നഹ്യാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. മുതിര്‍ന്ന ഉദ്യോഗസ്ഥരെ കേരളത്തിലേക്ക് അയച്ചു വിശദമായി ചര്‍ച്ചകള്‍ നടത്തി കഴിയാവുന്ന എല്ലാ സഹായവും ചെയ്യുമെന്നുള്ള ഉറപ്പും ലഭിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചാരിറ്റി ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബു-മെല്‍ഹയുമായിട്ട് ചര്‍ച്ച നടത്തി. ഭവനനിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരളത്തെ അകമഴിഞ്ഞു സഹായിക്കാന്‍ സന്നദ്ധമാണെന്ന് ഇവര്‍ അറിയിക്കുകയും ചെയ്തു. ദുരന്തവാര്‍ത്ത അറിഞ്ഞയുടന്‍ സാധന സാമഗ്രികള്‍ അയച്ച ഫൗണ്ടേഷനാണിത്. ദുബയ് സഹിഷ്ണുതാകാര്യ വകുപ്പ് കാബിനറ്റ് മന്ത്രി ശെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ കേരളം ഒരിക്കലും കഷ്ടപ്പെടാന്‍ യുഎഇ അനുവദിക്കില്ലെന്ന നിലപാട് സ്വീകരിച്ചു.
100 മില്യണ്‍ ഡോളറിനേക്കാള്‍ വലുതാണ് ശെയ്ഖ് നഹ്യാന്റെ വാക്കുകളെന്നു പറയാന്‍ എന്നെ പ്രേരിപ്പിച്ച ഘടകവും ഇതായിരുന്നു.
പ്രളയാനന്തര നിര്‍മിതി മാത്രമല്ല, മറിച്ച് സംസ്ഥാനത്തേക്ക് നിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളും നടന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനങ്ങളില്‍ ഒന്നാണ് മുബദല. പെട്രോകെമിക്കല്‍ സമുച്ചയം, ഡിഫന്‍സ് പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക്, ഭക്ഷ്യസംസ്‌കരണ കേന്ദ്രം, വ്യോമയാന വ്യവസായം, കൃഷി തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിക്ഷേപം നടത്താന്‍ മുബദല താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇരുകൂട്ടര്‍ക്കും യോജിപ്പുള്ള മേഖലകളും കണ്ടെത്താന്‍ മുബദല ഉടന്‍ തന്നെ ഉന്നതതല സംഘത്തെ സംസ്ഥാനത്തേക്ക് അയക്കും. കേരളത്തില്‍ തുറമുഖ മേഖലയില്‍ നിക്ഷേപമുള്ള ദുബയ് ഡിപി വേള്‍ഡിന്റെ ചെയര്‍മാന്‍ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നടത്തിയ ചര്‍ച്ചയില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള നമ്മുടെ ജലപാതാ പദ്ധതിയില്‍ ഭാഗമാവാന്‍ അവര്‍ക്ക് അതിയായ താല്‍പര്യമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top