നമസ്‌കാരം കണ്ടുനിന്നതും കുറ്റം

പി അബ്ദുല്‍ ഹമീദ്
ഒരു പെറ്റിക്കേസിന്റെ പേരില്‍ തൊടുപുഴ പോലിസ് കസ്റ്റഡിയിലെടുത്ത മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ സ്റ്റേഷന്റെ ഒരു മൂലയില്‍ വച്ച് നമസ്‌കാരം നിര്‍വഹിച്ചതിന്റെ പേരില്‍ സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പോലിസുകാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് ഇടുക്കി ജില്ലാ പോലിസ് സൂപ്രണ്ട്. നിസ്സാരമെന്നു തോന്നാമെങ്കിലും പുതിയ കീഴ്‌വഴക്കവും വലിയ പ്രത്യാഘാതവും സൃഷ്ടിക്കാവുന്ന ഒന്നാണിത്. അതുകൊണ്ടുതന്നെ ഇത് വിശദമായ വിശകലനവും പൊതുസമൂഹത്തിന്റെ ഇടപെടലും ആവശ്യപ്പെടുന്നു.
പോലിസ് കസ്റ്റഡിയില്‍ പ്രാര്‍ഥിക്കുന്നത് ഒരു കുറ്റകൃത്യമാണെങ്കില്‍ അതു ചെയ്തവര്‍ക്കെതിരേയല്ലേ നടപടിയെടുക്കേണ്ടത്. പക്ഷേ, അതിന് സാക്ഷ്യംവഹിച്ചു, തടഞ്ഞില്ല, സൗകര്യം ചെയ്തു തുടങ്ങിയ കുറ്റങ്ങളാണ് പോലിസുകാര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത് എന്നാണറിയുന്നത്. തൊടുപുഴയില്‍ നടപടിക്കു വിധേയരായ പോലിസുകാരുടെ കാര്യത്തില്‍ മറ്റൊരു വലിയ അപരാധം കൂടിയുണ്ട്. അവര്‍ പ്രാര്‍ഥന നടത്തിയ ആളുകളുടെ അതേ മതവിഭാഗത്തില്‍പ്പെട്ടവരാണ് എന്നതാണത്.
പോലിസ് കരുതല്‍ തടങ്കലില്‍ കഴിയുന്ന വ്യക്തികള്‍ക്ക് സ്റ്റേഷനില്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പോലിസ് സൗകര്യം ചെയ്തുകൊടുക്കാറുള്ളതാണ്.
വിശ്വാസികളായ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം നമസ്‌കാരം എന്നത് അവരുടെ ദിനചര്യയുടെ ഭാഗമാണ്. കൃത്യമായ സമയം നിര്‍ണയിക്കപ്പെട്ട ആരാധനയും. അതു നിര്‍വഹിക്കുന്നതിന് അവര്‍ക്ക് സ്ഥലപരിമിതികളില്ല. തൊഴിലിടങ്ങള്‍, അങ്ങാടികള്‍, ആഘോഷപരിപാടികള്‍, വാഹനങ്ങള്‍, ലോക്കപ്പ് മുറി, കോടതി മുറി മാത്രമല്ല, സമരമുഖത്തും യുദ്ധമുന്നണിയിലും അവരതു നിര്‍വഹിക്കുന്നു. അതിനു പ്രത്യേക സാഹചര്യങ്ങളില്‍ അംഗശുദ്ധി വരുത്തുന്നതിന് വെള്ളംപോലും അനിവാര്യമല്ല. വിശ്വാസികള്‍ പൊതുവില്‍ ഏതു പ്രതികൂല സാഹചര്യത്തിലും അതു നിര്‍വഹിച്ചുകൊണ്ടിരിക്കും. ആര്‍ക്കും ഒരു പ്രയാസവും സൃഷ്ടിക്കാത്ത മാനസിക വ്യവഹാര പ്രധാനമായ ഒരു കര്‍മമാണ് നമസ്‌കാരം. ഇതര മതസഹോദരങ്ങളെല്ലാം ഇതിനെ ആദരവോടെ കാണുകയും ഒത്താശ ചെയ്യുന്നതില്‍ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നതായാണ് അനുഭവം. ഇതു കേരളീയന്റെ സാമൂഹിക സൗഹാര്‍ദത്തിന്റെ അടയാളമാണ്. പൊതു ഇടങ്ങളില്‍ നമസ്‌കരിക്കുന്നവരെയും അതിനു സാക്ഷ്യംവഹിക്കുന്നവരെയും തടയുന്നത് ഹിന്ദുത്വമേല്‍ക്കോയ്മയുള്ള ചില ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലാണ്.
പോലിസിന്റെ ഈ പുതിയ നീക്കം കേരളീയ സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ക്കു കാരണമാവും. പൗരന്റെ ഭരണഘടനാപരമായ ഒരവകാശം പോലിസ് സ്റ്റേഷനില്‍ തന്നെ നിഷേധിക്കപ്പെട്ടാല്‍ പുറത്തുള്ള അവസ്ഥ എന്താവും. പള്ളിയിലും വീട്ടിലുമൊഴിച്ച് മറ്റൊരിടത്തും നമസ്‌കാരം പാടില്ല എന്നുവരില്ലേ. നടപടിക്കു വിധേയരായ പോലിസുകാര്‍ ഒരു പ്രത്യേക മതത്തിന്റെ അനുയായിയാണെന്നത് യാദൃച്ഛികമല്ല. പോലിസില്‍ ആര്‍എസ്എസ് സെല്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രതിപക്ഷത്തിരിക്കുമ്പോള്‍ പറഞ്ഞതിന് ഭരണത്തിലിരിക്കുമ്പോള്‍ പൂര്‍ത്തീകരണം നല്‍കുകയാണ് സിപിഎം.
മതമാണു പ്രശ്‌നമെങ്കില്‍ പോലിസ് സ്റ്റേഷനുകളില്‍ വര്‍ഷംതോറും നടത്തിവരുന്ന ആയുധപൂജകളും മറ്റും ഇനി എന്തുചെയ്യും. പലയിടത്തും അത് ഔദ്യോഗിക പരിവേഷത്തോടെയാണല്ലോ നടന്നുവരുന്നത്. പ്രത്യേകം സജ്ജീകരിച്ച പൂജാമുറികളുള്ള പോലിസ് സ്റ്റേഷനുകള്‍ വരെയുണ്ട് കേരളത്തില്‍. പോലിസ് വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനു മുമ്പ് പൂജ നടത്തുന്ന പോലിസ് ഓഫിസര്‍മാരെ നമുക്കറിയാം. കാസര്‍കോട് തുറന്ന ജയിലില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഗോപൂജ നടത്തിയത് നാം വായിച്ചതാണ്. ക്രിസ്മസിനോടനുബന്ധിച്ച് പോലിസ് സ്റ്റേഷനു മുന്നില്‍ നക്ഷത്രദീപം തെളിയിക്കാറുണ്ടല്ലോ. മൊത്തം കേരള പോലിസിന്റെ നിലപാടുമാറ്റമായോ വര്‍ഗീയതയായോ ഇതിനെ കാണേണ്ടതുണ്ടെന്നു തോന്നുന്നില്ല. വളരെ ചെറിയ അപവാദങ്ങള്‍ അവഗണിച്ചാല്‍ പ്രശംസനീയമായ സമീപനങ്ങളാണ് ഇത്തരം കാര്യങ്ങളില്‍ കേരള പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാറുള്ളത്.
തൊടുപുഴ സംഭവത്തിനു പിന്നില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്റെ അസഹിഷ്ണുതയും പകയും വിദ്വേഷവും അധികാരത്തിന്റെ അഹന്തയുമാണ്. പിന്നെ പോലിസ് ഉദ്യോഗസ്ഥരുടെ 'രാജഭക്തി'യും. പ്രദേശത്തുകാര്‍ തന്നെയായ ജില്ലാ പോലിസ് മേധാവിയുടെയും ചില കീഴുദ്യോഗസ്ഥരുടെയും പാര്‍ട്ടി കൂറാണു പ്രശ്‌നം. സമീപകാലത്ത് പ്രദേശത്തുണ്ടായ അനിഷ്ട സംഭവങ്ങളില്‍ പോലിസ് സ്വീകരിച്ച തികച്ചും വിവേചനപരവും നീതീകരിക്കാന്‍ കഴിയാത്തതുമായ സമീപനങ്ങള്‍ അതാണു കാണിക്കുന്നത്. അവരതു തുടര്‍ന്നുകൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ നമസ്‌കാരമല്ല, നമസ്‌കരിക്കുന്നവന്റെ സാമൂഹിക പങ്കാളിത്തവും ജനപക്ഷ സമീപനവും സമരോല്‍സുകതയും സാമൂഹികാംഗീകാരവുമാണ് സിപിഎമ്മിനെ ചൊടിപ്പിക്കുന്നത്.
ആദര്‍ശവും ജനകീയ അജണ്ടയും കൈമോശം വന്ന പാര്‍ട്ടി നിലനില്‍പ്പിനായി തരംപോലെ വര്‍ഗീയത ഉല്‍പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. തൊടുപുഴയില്‍ സ്റ്റേഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസിന്റെ അനുഭവം വച്ച് മേലില്‍ മുസ്‌ലിംകളായ പോലിസുകാരുള്ള സ്റ്റേഷനുകളില്‍ പ്രാര്‍ഥന അസാധ്യമാവും. ഇടുക്കി പോലിസ്, പോലിസ് സേനയ്ക്കു തന്നെ ദുഷ്‌പേര് ഉണ്ടാക്കിയ ഇത്തരം നടപടികളില്‍ നിന്നു പിന്തിരിയുകയും വിവേചനപരമായ നിലപാടുകള്‍ മാറ്റുകയും ചെയ്യേണ്ടതുണ്ട്. ി

(എസ്ഡിപിഐ സംസ്ഥാന
ജന. സെക്രട്ടറിയാണു ലേഖകന്‍.)

RELATED STORIES

Share it
Top