നന്മയുടെ പുതിയ പാഠവുമായി അധ്യാപകരും വിദ്യാര്‍ഥികളും

വടകര: പ്രളയം ദുരിതംവിതച്ച വയനാട് മാനന്തവാടി പണ്ടിക്കടവ് അഗ്രഹാരയിലെ വീട് തകര്‍ന്ന അമ്മയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് വീടൊരുക്കി മാതൃകയായിരിക്കുകയാണ് വടകര മേഴ്‌സി കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലെ അധ്യാപക വിദ്യാര്‍ഥികള്‍.
നൂറോളം വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘം വയനാട്ടിലെത്തി വീട് നിര്‍മാണപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. കബനിനദി കരകവിഞ്ഞൊഴുകി ഒരാഴ്ചയിലധികം വെള്ളം കെട്ടിനിന്ന് ഈ പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തിയാണ് വീട് നിര്‍മ്മാണ പദ്ധതി ആസൂത്രണം ചെയ്തത്. തുടര്‍ന്ന് വടകര എന്‍ആര്‍ഐ ഫോറവുമായി ചേര്‍ന്ന് വിഭവസമാഹരണം നടത്തുകയും പ്രളയത്തില്‍ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നു പോയ ഒരു കുടുംബത്തിന് തണലൊരുക്കുകയുമായിരുന്നു. പ്രളയം ദുരിതം വിതച്ച ദിവസങ്ങളില്‍ ഇരിട്ടിയിലെ കോളനികളില്‍ ഭക്ഷണസാധനങ്ങളെത്തിച്ച് നല്‍കിയ മേഴ്‌സി കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലെ അധ്യാപക വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളും മരുന്നും സമാഹരിച്ചു നല്‍കിയിരുന്നു. ‘സോഷ്യലി യൂസ്ഫുള്‍ പ്രൊഡക്ടീവ് വര്‍ക്കിന്റെ ഭാഗമായിക്കൂടിയാണ് അധ്യാപക വിദ്യാര്‍ഥികളുടെ ഈ പ്രവര്‍ത്തനങ്ങള്‍.

RELATED STORIES

Share it
Top