നട്ടെല്ലിന്റെ പരിക്ക് ഗുരുതരമല്ല; അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചു

കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടയില്‍ നടുക്കടലില്‍ വച്ചു പായ്‌വഞ്ചി തകര്‍ന്ന് പരിക്കേറ്റ മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ച് ആശുപത്രിയിലേക്കു മാറ്റി. ഇവിടത്തെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അഭിലാഷിന്റെ നട്ടെല്ലിന്റെ പരിക്ക് ഗുരുതരമല്ലെന്ന് കണ്ടെത്തിയതായാണു വിവരം. നട്ടെല്ലിന്റെ എക്‌സ്‌റേ പരിശോധന നടത്തിയിരുന്നു. എന്നാല്‍, വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യക്തത വരുകയുള്ളൂ. ഈ പരിശോധനാ റിപോര്‍ട്ട് പരിഗണിച്ചായിരിക്കും വിദഗ്ധ ചികില്‍സയ്ക്കായി എങ്ങോട്ടു കൊണ്ടുപോവണമെന്ന് തീരുമാനിക്കുകയെന്ന് നാവികസേനാ അധികൃതര്‍ പറഞ്ഞു.
ഫ്രഞ്ച് മല്‍സ്യബന്ധനയാനമായ ഒസിരിസില്‍ ഇന്നലെ രാവിലെ 9.30ഓടെയാണ് ആംസ്റ്റര്‍ഡാം ദ്വീപില്‍ അഭിലാഷിനെ എത്തിച്ചത്. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷയ്ക്കും പരിശോധനയ്ക്കും ശേഷം ഇവിടത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മല്‍സ്യബന്ധനയാനമായ ഒസിരിസ് അവിടെ തന്നെ തുടരുകയാണ്. ആസ്‌ത്രേലിയന്‍ യുദ്ധക്കപ്പലായ ബല്ലാറത്തും ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് സത്പുരയും ഇവിടെ എത്തിയതിനുശേഷം മാത്രമേ ഒസിരിസ് ഇവിടെ നിന്നു യാത്രയാവുകയുള്ളൂ.
ജൂലൈ ഒന്നിന് ഫ്രാന്‍സില്‍നിന്നാണ് തുരിയ എന്ന പായ്‌വഞ്ചിയില്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം ആരംഭിച്ചത്. നാലു ദിവസം മുമ്പാണ് രൂക്ഷമായ കടല്‍ക്ഷോഭത്തിലും കാറ്റിലും പെട്ട് അഭിലാഷ് ടോമി സഞ്ചരിച്ചിരുന്ന പായ്‌വഞ്ചിയുടെ കൊടിമരം തകര്‍ന്ന് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് തിങ്കളാഴ്ച ഫ്രഞ്ച് കപ്പലായ ഒസിരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്.

RELATED STORIES

Share it
Top