നടുവില്‍ അക്രമം: മുഖ്യമന്ത്രി ഇടപെടണമെന്ന് യുഡിഎഫ്

കണ്ണൂര്‍: ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ സിപിഎം അക്രമങ്ങള്‍ തുടരുകയാണെന്നും ഇത് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നടുവില്‍ വിളക്കന്നൂരിലെ മുസ്‌ലിം ലീഗ് ഓഫിസ് പലതവണ ആക്രമണത്തിനിരയായി. സമീപത്തെ മുസ്‌ലിം കുടുംബാംഗങ്ങളെയും വെറുതെ വിട്ടില്ല. പരിക്കേറ്റ സ്ത്രീകള്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. ജാമ്യമില്ലാ വകുപ്പു പ്രകാരം കോടതി കേസെടുത്തിട്ടും പ്രതികളെ പോലിസ് അറസ്റ്റ് ചെയ്യുന്നില്ല.  പോലിസ് നോക്കിനില്‍ക്കെ മുസ്‌ലിം ലീഗ് നേതാവ് സൈനുദ്ദീന്റെ കാര്‍ തകര്‍ത്തു. കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച മുഹമ്മദ് കുഞ്ഞിയെന്ന ലീഗ് പ്രവര്‍ത്തകനെ സിപിഎം തടവുകാര്‍ ക്രൂരമായി മര്‍ദിച്ചു. നടുവിലിലെ സംഭവവികാസങ്ങള്‍ ജില്ലാ പോലിസ് മേധാവിയെ കണ്ട് ധരിപ്പിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. സിപിഎമ്മാണ് ജില്ലയിലെ പോലിസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ജീവിക്കാന്‍ വേണ്ടി ഞങ്ങള്‍ എന്തുചെയ്യണം. സിപിഎമ്മിനെയോ ബിജെപിയെയോ പോലെ ആയുധങ്ങളും ബോംബും എടുക്കേണ്ടി വരുമോയെന്നും യുഡിഎഫ് നേതാക്കള്‍ ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ കെ സി ജോസഫ് എംഎല്‍എ, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ വി കെ അബ്ദല്‍ ഖാദര്‍ മൗലവി, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജില്ലാ ജനറല്‍ സെക്രട്ടറി കരീം ചേലേരി തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top