നടുവട്ടത്ത് കാര്‍ യാത്രക്കാരന് മര്‍ദനം; റോഡില്‍ ഗതാഗത സ്തംഭനം

ബേപ്പൂര്‍: നടുവട്ടം ജുമാമസ്ജിദിനു മുമ്പില്‍ വെച്ച് കാറില്‍ യാത്രചെയ്യുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു.ബേപ്പൂര്‍ ഭാഗത്തേക്ക് വരുന്ന കാര്‍ എതിര്‍ദിശയില്‍ സഞ്ചരിച്ച ബൈക്ക് യാത്രക്കാരുമായി ഉരസിയെങ്കിലും നിര്‍ത്താതെ പോയി എന്നാരോപിച്ചുകൊണ്ടാണ് മര്‍ദിച്ചത്.
ബൈക്ക് യാത്രക്കാരായ നടുവട്ടം ചക്ക വളപ്പില്‍ ജംഷീര്‍ (30), കോഴിക്കോട് നാലകം പറമ്പ് ത്വാഹ (60 )എന്നിവര്‍ ചേര്‍ന്ന് കാര്‍ ഉടമയായ ഈസ്റ്റ്ഹില്‍ സ്വദേശി ചെറുവളപ്പില്‍ അനൂപ് (32) നെ് മര്‍ദിച്ചതായാണ് പരാതി. വണ്ടി ഉരസിയതില്‍ ക്ഷുഭിതരായ ബൈക്ക് യാത്രക്കാര്‍ തിരിച്ചു വന്ന് കാറിനെ പിന്തുടര്‍ന്ന് തടഞ്ഞു വെച്ച് മര്‍ദിക്കുകയായിരുന്നു. കാറിനുള്ളില്‍ വച്ചു അടിച്ചതിനുശേഷം പിടിച്ചുവലിച്ചു പുറത്തേക്കിട്ടു ക്രൂരമായി മര്‍ദിച്ചു എന്നാണ് അനൂപിന്റെ പരാതി. നാട്ടുകാരും തൊട്ടടുത്ത ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരും ചേര്‍ന്നാണ് അടിപിടി അവസാനിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം .ഏറെ നേരത്തെ സംഘര്‍ഷങ്ങള്‍ക്ക് ശേഷം ബേപ്പൂര്‍ പോലിസെത്തി ബൈക്ക് യാത്രക്കാരെയും മര്‍ദനമേറ്റ കാര്‍ ഉടമയെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയപ്പോഴാണ് സംഭവത്തിന് അയവ്‌വന്നത്. മുക്കാല്‍ മണിക്കൂര്‍ നേരം നടുവട്ടം ജുമാ മസ്ജിദിന് മുന്നിലെ റോഡ് നാട്ടുകാരും വാഹനങ്ങളും കയ്യടക്കിയത് കാരണം ഗതാഗതസ്തംഭനവും ഉണ്ടായി. പോലിസ് ഇരുവരുടെയും പരാതിയില്‍ കേസെടുത്തു ജാമ്യത്തില്‍ വിട്ടയച്ചു. മര്‍ദനമേറ്റ കാര്‍ യാത്രക്കാരന്‍ അനൂപ് കോഴിക്കോട് ബീച്ച് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സതേടി.

RELATED STORIES

Share it
Top