നടുറോഡില്‍ വെയിലും മഴയുമേറ്റ് പോലിസ് സേവനം

പിലാത്തറ: വാഹനാപകടങ്ങള്‍ പതിവായ പീരക്കാംതടം കെഎസ്ടിപി റോഡ് ജങ്ഷനില്‍ പോലിസിന്റെ ഗതാഗത നിയന്ത്രണ സേവനം മഴയും വെയിലുമേറ്റ്.  ഇവിടെ ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് തണലേകാനുള്ള ഒരു സൗകര്യം പോലും ഒരുക്കിയിട്ടില്ല. വിശാലമായ റോഡിനു നടുവില്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പോലിസ് സേവനം. പയ്യന്നൂര്‍ ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങളെ പഴയങ്ങാടി റോഡിലേക്ക് കയറാന്‍ വിടാതെ തളിപ്പറമ്പ് ഭാഗത്തേക്ക് തിരിച്ചുവിടുകയാണ് പ്രധാനം. അതോടൊപ്പം വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന വാഹനങ്ങളെ ജങ്ഷനില്‍ നിയന്ത്രിച്ചുവിടാനും പോലിസ് സേവനം പ്രയോജനപ്പെടുന്നു. പോലിസ് സേനയുടെ കോട്ടില്ലാത്ത ഇവര്‍ മഴയത്ത് സ്വന്തം കേട്ടിട്ടാണ് ഡ്യൂട്ടി ചെയ്യുന്നത്. ഇത് മഴ കനത്ത സമയങ്ങളില്‍ വാഹനയാത്രികര്‍ ശ്രദ്ധിക്കുന്നില്ല. ദേശീയപാത സംഗമിക്കുന്ന പീരക്കാംതടം കെഎസ്ടിപി റോഡ് ജങ്ഷനില്‍ ആധുനിക രീതിയിലുള്ള ട്രാഫിക് സര്‍ക്കിള്‍ നിര്‍മിച്ചിരുന്നു. അപകട വളവ് കുറച്ചും ട്രാഫിക് ഡിവൈന്‍ഡര്‍, സിഗ്‌നല്‍ ലൈറ്റ് എന്നിവ സ്ഥാപിച്ചുമാണ് ഗതാഗതനിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇവയൊന്നും പൂര്‍ണതോതില്‍ നടപ്പായിട്ടില്ല. നിരവധി വാഹനാപകടങ്ങളും അപക മരണങ്ങളും നടന്ന ഈ ജങ്ഷനില്‍ കെഎസ്ടിപി റോഡിലേക്കുള്ള തിരക്കുകൂടി വരുന്നതോടെ അപകടഭീഷണി ഏറുകയാണ്.

RELATED STORIES

Share it
Top