നടുക്കം വിട്ടുമാറാതെ ഏലപ്പാറ ഗ്രാമം

പെരുമ്പാവൂര്‍: പ്രിയപ്പെട്ടവരുടെ വേര്‍പാട് വിശ്വസിക്കാനാവാതെ ഇടുക്കിയിലെ ഏലപ്പാറ ചെറുഗ്രാമം ഒന്നടങ്കം തേങ്ങുകയാണ്. മഴ ഒന്നടങ്ങിയപ്പോള്‍ ഗ്രാമം കേട്ടത് അഞ്ചുപേര്‍ മരിച്ച ദുരന്ത വാര്‍ത്തയാണ്. കേട്ടവര്‍ കേട്ടവര്‍ തങ്ങളുടെ പൊന്നോമനകളെ കാണാന്‍ പെരുമ്പാവൂരിലേക്ക് ഒഴുകി.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറി പരിസരത്ത് തടിച്ച് കൂടിയവരുടെ കണ്ണുനീര്‍ രക്തപുഴകളായിട്ടാണ് ഒഴുകിയിറങ്ങിയത്. മരണപ്പെട്ട ഈ ചെറുപ്പക്കാര്‍ ഗ്രാമത്തില്‍ എന്ത് പ്രശ്‌നമുണ്ടായാലും ആദ്യം ഓടിയെത്തുന്നവരായിരുന്നുവെന്ന് പഞ്ചായത്ത് വാര്‍ഡ് മെംബര്‍ രാജേന്ദ്രന്‍ ഓര്‍ക്കുന്നു. ഏലപ്പാറ എസ്റ്റേറ്റ് പൂട്ടി തൊഴിലില്ലാതെ പട്ടിണിയുടെ പിടിയിലമര്‍ന്നപ്പോള്‍ വിഷ്ണുവിനും തോമസിനും ജിബിനും കിട്ടിയ പിടിവള്ളിയാണ് മസ്‌ക്കറ്റിലേക്കുള്ള വിസ. നാട്ടിലെ സാമൂഹിക പ്രവര്‍ത്തകന്‍ വഴിയാണ് വിസ തരപ്പെടുത്തിയത്. ഇവര്‍ക്ക് പോവാനുള്ള പണത്തിന്റെ ഏറിയ ഭാഗവും നാട്ടുകാരുടെ സംഭാവനയാണ്.
ഏലപ്പാറ കണ്ടതില്‍ വച്ച് ഏറ്റവും വലിയ യാത്രയയപ്പാണ് മൂവര്‍ക്കും നല്‍കിയത്. എന്നാല്‍ അതൊരു ദുരന്തത്തിലേക്കുള്ള വഴിയായിരിക്കുമെന്ന് അവരാരും കരുതിയില്ല. തങ്ങളുടെ ഉറ്റ ചെങ്ങാതിമാര്‍ വിട്ടു പിരിയുന്നതില്‍ ഉണ്ണിക്കും ജെറിനും കിരണിനും ജിനീഷിനും വിജയ്ക്കും വേദനയുണ്ടായിരുന്നു. എന്നാല്‍ അതൊന്നും പുറമെ കാണിക്കാതെ നേരം പുലരുവോളം അവര്‍ ഒന്നിച്ചാണ് കഴിച്ച് കൂട്ടിയത്.
വൈകീട്ട് ആറ് വാഹനങ്ങളില്‍ കുടുംബവും സുഹൃത്തുക്കളുമായി മലയിറങ്ങി ആദ്യവാഹനത്തില്‍ വിഷ്ണുവും തോമസും കയറി. ജിബിന്‍ കയറിയ വാഹനം ഏറ്റവും പിന്നിലായിട്ടാണ് യാത്ര തുടങ്ങിയത്. മൂവാറ്റുപുഴയില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങിയ ഇവര്‍ എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി നീങ്ങി. സംഭവം നടക്കുമ്പോള്‍ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. മുന്‍പില്‍ കടന്ന് പോവുന്ന തടിലോറിയുടെ പിന്നാലെ മറ്റൊരു വാഹനത്തെ മറികടക്കുന്നത് മാത്രം ഓര്‍മയുണ്ടെന്ന് സാന്‍ജോ ആശുപത്രിയിലുള്ള ജിബിന്‍ ഓര്‍ക്കുന്നു. ബോധം തെളിയുമ്പോള്‍ ആശുപത്രിയിലാണ്. നടന്നതൊന്നും ഇതുവരെ ജിബിനോട് പറഞ്ഞിട്ടില്ല. വിഷ്ണുവും തോമസും മസ്‌ക്കറ്റില്‍ എത്തിയതായി ജിബിനറിയാം.
ഉണ്ണി, ജെറിന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലും കിരണിന്റേത് കോതമംഗലത്തും ജിനീഷ്, വിജയ് എന്നിവരുടേത് മൂവാറ്റുപുഴയിലും പോസ്റ്റ്‌മോര്‍ട്ടം നടത്തി വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വൈകീട്ട് നാലോടെ ഏലപ്പാറയിലേക്ക് കൊണ്ടുപോയി.

RELATED STORIES

Share it
Top