നടുക്കം മാറാതെ ജോസ് ആന്റണിയുടെ ബന്ധുക്കളും നാട്ടുകാരും

കോതമംഗലം: മുംബൈയില്‍ ഉണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജോസ് ആന്റണിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് നടുങ്ങിയിരിക്കുകയാണ് നാടും ബന്ധുക്കളും.
കോതമംഗലം രാമല്ലൂര്‍ മിനിപ്പടി പെരുംപിള്ളിച്ചിറ പരേതനായ പി വി ആന്റണിയുടെയും പെണ്ണമ്മയുടെയും ഏഴു മക്കളില്‍ മൂന്നാമാനാണ് ജോസ് ആന്റണി. മുംബൈയില്‍ ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ ജനറല്‍ മാനേജറാണ് ജോസ് ആന്റണി. അദ്ദേഹം ഉള്‍പ്പെടെ ഏഴംഗസംഘം അന്തേരിയിലെ ഓഫിസില്‍നിന്നു മുംബൈ ഹൈയിലേക്ക് പതിവ് പരിശോധനയ്ക്കായി യാത ചെയ്യവെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍പ്പെടുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷമായി മുംബൈയില്‍ ജോലി നോക്കുകയാണ് ജോസ് ആന്റണി. സഹോദരിയുടെ മകളുടെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കോതമംഗലത്ത് എത്തി മടങ്ങിയിട്ട് രണ്ട് ആഴ്ച തികയും മുമ്പാണ് അപകടവാര്‍ത്ത ബന്ധുക്കളെത്തേടി എത്തിയത്. കുടുംബസമേതമായിരുന്നു ജോസ് വന്ന് പോയതെന്ന് ജ്യേഷ്ഠ സഹോദരന്‍ പോള്‍ ആന്റണി പറഞ്ഞു. ജോസിന്റെയും റാണി യുടെയും 25ാമത് വിവാഹ വാര്‍ഷികവും ഈ അടുത്തിടെയായിരുന്നു. കോതമംഗലം സബ് സ്‌റ്റേഷന്‍പടി ഐശ്യര്യാ നഗറില്‍ ജോസ് ആന്റണിക്ക് സ്വന്തമായി വീടുണ്ട്. എന്നാല്‍, ഇവിടെ താമസം തുടങ്ങിയിരുന്നില്ല. ജോസ് ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍പ്പെട്ടുവെന്ന് ഭാര്യ റാണി ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു.
അപകടത്തില്‍ കാണാതായി എന്നായിരുന്നു ലഭിച്ച വിവരം. ജോസ് ജീവനോടെ തിരിച്ചുവരും എന്ന പ്രതീക്ഷിച്ച് പ്രാര്‍ഥനയോടെ കാത്തിരുന്ന കുടുംബാംഗങ്ങളെ കണ്ണീരിലാഴ്ത്തിയാണ് മരണവിവരം സ്ഥിരീകരിച്ച് വാര്‍ത്ത എത്തിയത്. കോതമംഗലം എംഎ എന്‍ജിനീയറിങ് കോളജിലേ 1988 ബാച്ച് വിദ്യാര്‍ഥിയായിരുന്ന ജോസ് പഠനശേഷം മുംബൈയിലെ ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷനില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു.

RELATED STORIES

Share it
Top