നടിയെ ആക്രമിച്ച കേസ്: ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കാന്‍ മാറ്റി.
ജാമ്യാപേക്ഷ ഇന്നലെ തന്നെ പരിഗണിക്കണമെന്ന് ഒന്നാം പ്രതി സുനില്‍കുമാറിന്റെ അഭിഭാഷകന്‍ അഭ്യര്‍ഥിച്ചു. എന്നാല്‍ കേസില്‍ പ്രതിയുടെ പങ്ക് വ്യക്തമാക്കുന്ന കേസ് ഡയറിയുടെ ഭാഗവും ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതിയുടെയും മജിസ്‌ട്രേറ്റ് കോടതിയുടെയും ഉത്തരവുകളും അടുത്തദിവസം സമര്‍പ്പിക്കാമെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചു.
പ്രതിയായ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കണമെന്നു സുനിയുടെ മാതാവ് ഇന്നലെ കോടതിയില്‍ നേരിട്ടെത്തി അഭ്യര്‍ഥിച്ചു.
വിചാരണാനടപടികളുടെ ഭാഗമായി മേയ് 21ന് കേസ് വീണ്ടും പരിഗണിക്കും. കേസില്‍ ജാമ്യം ലഭിച്ച പ്രതികളായ നടന്‍ ദിലീപ്, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവര്‍ ഇന്നലെ ഹാജരായില്ല.

RELATED STORIES

Share it
Top