നടിയെ ആക്രമിച്ച കേസ് : ഒന്നാംപ്രതിയുടെ ജാമ്യഹരജി തള്ളികൊച്ചി: യുവ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടു പോയി ശാരീരികമായി ഉപദ്രവിച്ച കേസിലെ ഒന്നാംപ്രതിയും ഡ്രൈവറുമായ ചാലക്കുടി കൊരട്ടി തിരുമുടിക്കുന്ന് പൗവത്തിശ്ശേരി മാര്‍ട്ടിന്‍ ആന്റണിയുടെ ജാമ്യഹരജി ഹൈക്കോടതി വീണ്ടും തള്ളി. സംഭവദിവസം നടിയുടെ വാഹനം ഓടിച്ചിരുന്ന ഹരജിക്കാരന്‍ പ്രതികളുമായി ചേര്‍ന്ന് കുറ്റകൃത്യത്തിന് സാഹചര്യമൊരുക്കിയെന്നതുള്‍പ്പെടെയുള്ള കുറ്റങ്ങളാണു പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്. നേരത്തെ മാര്‍ട്ടിന്‍ നല്‍കിയ ജാമ്യഹരജി ഹൈക്കോടതി തള്ളിയിരുന്നു.നടി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്ന മാര്‍ട്ടിന്‍ കുറ്റകൃത്യത്തില്‍ തുടക്കംമുതല്‍ പങ്കാളിയാണെന്നും ഇയാള്‍ക്കു ജാമ്യം അനുവദിച്ചാല്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനിടയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണു ജാമ്യഹരജി തള്ളിയത്. കേസില്‍ വിചാരണ തുടങ്ങാനിരിക്കെ ജാമ്യം അനുവദിക്കേണ്ടതില്ലെന്ന വാദവും കോടതി പരിഗണിച്ചു. ഫെബ്രുവരി 18നാണ് തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. സംഭവദിവസം തന്നെ മാര്‍ട്ടിന്‍ ആന്റണി അറസ്റ്റിലായിരുന്നു.

RELATED STORIES

Share it
Top