നടിയെ ആക്രമിച്ച കേസ്പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് സര്‍ക്കാര്‍

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസ് വിചാരണ നടത്താന്‍ പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതേ ആവശ്യമുന്നയിച്ച് യുവനടി സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇത് സെന്‍സേഷനല്‍ കേസാണ്. മാധ്യമങ്ങളില്‍ ധാരാളം വാര്‍ത്ത വന്നതിനാലും പുതിയ ഹരജികള്‍ നിരന്തരമായി വരുന്നതിനാലും വിചാരണ അതിവേഗം പൂര്‍ത്തിയാക്കണമെന്നാണ് നിലപാടെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയും വനിതാ ജഡ്ജിയും ആവാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. അതിവേഗവും രഹസ്യവുമായ വിചാരണ ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച നിവേദനം ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറിയിരുന്നതായും സര്‍ക്കാര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്ക് ഉചിതമായ നിര്‍ദേശം നല്‍കിയതായി രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സര്‍ക്കാര്‍തലത്തില്‍ എടുത്ത തീരുമാനം രജിസ്ട്രാര്‍ ജനറലിനെ അറിയിക്കാന്‍ ഇന്നലെ കേസ് പരിഗണിച്ച സിംഗിള്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസം മൂന്നിലേക്ക് മാറ്റി. കേസിലെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതും കോടതി അടുത്തമാസം മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.

RELATED STORIES

Share it
Top