നടിയെ ആക്രമിച്ച കേസില്‍ പ്രത്യേക കോടതി: നിലപാട് വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി
MTP Rafeek2018-07-11T12:55:20+05:30

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആക്രമണത്തിന് ഇരയായ നടിയുടെ ആവശ്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ഈ മാസം 23നകം നിലപാട് വ്യക്തമാക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.കേസിന്റെ വിചാരണയ്ക്കായി വനിതാ ജഡ്ജിയെ വേണമെന്നും അല്ലാത്ത പക്ഷം പ്രത്യേക കോടതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിയെ ലഭ്യമല്ല. ഈ പശ്ചാത്തലത്തില്‍ പ്രത്യേക കോടതിയെ നിയോഗിക്കുന്നതിന്റെ സാധ്യത തേടിയാണ് ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയത്.
രേഖകളുടെ പേരില്‍ കേസ് നീട്ടികൊണ്ടുപോകാന്‍ കഴിയില്ലെന്ന് വാദത്തിനിടെ നടന് ദിലീപിന്റെ അഭിഭാഷകനോട് കോടതി പറഞ്ഞു. രേഖകള്‍ എന്തെല്ലാം വേണമെന്ന് കൃത്യമായി വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടു.